Entertainment
Amina Nijam
Entertainment

'എനിക്ക് ഭീഷണി ഉണ്ടായിട്ടില്ല, സിനിമക്ക് ഭീഷണിയുള്ളതായി അറിയില്ല'; ടര്‍ക്കിഷ് തര്‍ക്കം നായിക ആമിന നിജം

Web Desk
|
29 Nov 2024 10:52 AM IST

സിനിമയ്ക്ക് ഭീഷണിയുള്ളതായും തനിക്ക് അറിവില്ല

കൊച്ചി: ടർക്കിഷ് തർക്കം സിനിമാ വിവാദത്തിൽ നിർമാതാവിനെയും സംവിധായകനെയും തള്ളി നായിക ആമിന നിജം. സംവിധായകന്‍റെയും നിർമാതാവിന്‍റെയും നിർദേശപ്രകാരമാണ് വാർത്താസമ്മേളനത്തിന് വന്നത്. തനിക്കെതിരെ ഭീഷണി ഉണ്ടായിട്ടില്ല. സിനിമയ്ക്ക് ഭീഷണിയുള്ളതായും തനിക്ക് അറിവില്ല. വിവാദങ്ങളെ കുറിച്ച് സംവിധായകനോ നിർമാതാവോ വ്യക്തത നൽകിയിട്ടില്ലെന്നും ആമിന മീഡിയവണിനോട്‌ പറഞ്ഞു.

''എനിക്കെതിരെ ഭീഷണി ഉണ്ടായിട്ടില്ല. ആകെ തൃപ്പൂണിത്തുറയില്‍ തിയറ്റര്‍ വിസിറ്റിലുണ്ടായ ആ സംഭവം മാത്രമാണ്...അതു ഞാന്‍ പെട്ടെന്ന് പ്രതീക്ഷിച്ചില്ല. ഒരാള് വന്ന് സംസാരിച്ചപ്പോള്‍ എന്തോ പോലെയായി. അതെനിക്ക് ഷോക്കിങ് ആയിരുന്നു. എല്ലാവര്‍ക്കും പടം ഇഷ്ടായിട്ടുണ്ട്. നല്ല രീതിയിലാണ് പടം ഓടിക്കൊണ്ടിരുന്നത്. ഈ സംഭവമുണ്ടായി തൊട്ടടുത്ത ദിവസമാണ് മതത്തെ വ്രണപ്പെടുത്തിയൊന്നൊക്കെ പറഞ്ഞ് പടം പിന്‍വലിച്ചുവെന്ന വാര്‍ത്ത കാണുന്നത്. അപ്പോഴാണ് നമ്മടെ പടത്തിനിങ്ങനെ ഡീഗ്രഡേഷന്‍ വരുന്നുണ്ട്, പടം കണ്ടിട്ടില്ലാത്ത ആള്‍ക്കാര് പോലും പറയുന്നുണ്ട്. അത് നമ്മുടെ സിനിമയെ ബാധിക്കും. പ്രസ് മീറ്റ് നടത്തണമെന്നൊക്കെ പ്രൊഡ്യൂസര്‍ പറയുന്നത്.

എന്‍റെടുത്ത് പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ച് മാത്രമാണ് എനിക്കറിവുള്ളത്. അതിനപ്പുറത്തേക്കുള്ള കാര്യങ്ങളൊന്നും അറിയില്ല. ഞാനൊരു അഭിനേതാവ് മാത്രമാണ്. സംവിധായകനും നിര്‍മാതാവിനും ഭീഷണിയുണ്ടോ എന്നും അറിയില്ല. പടം റിലീസ് ചെയ്ത് മൂന്നാമത്തെയോ നാലാമത്തെയോ ദിവസമാണ് ഇങ്ങനെയൊരു സംഭവമുണ്ടാകുന്നത്. അതുവരെ തിയറ്റര്‍ വിസിറ്റ് പോലുമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു'' ആമിന കൂട്ടിച്ചേര്‍ത്തു.


Similar Posts