< Back
Entertainment
അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും ഒന്നിക്കുന്ന പര്‍ദ; ട്രയിലര്‍ പുറത്ത്
Entertainment

അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും ഒന്നിക്കുന്ന പര്‍ദ; ട്രയിലര്‍ പുറത്ത്

Web Desk
|
11 Aug 2025 6:15 PM IST

ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന ഒരു കഥയാണ് ചിത്രത്തിന്റേതെന്ന് ട്രയിലർ വ്യക്തമാക്കുന്നു

പഴയകാല ആചാരങ്ങളെ ചോദ്യം ചെയ്യുകയും സ്ത്രീകളുടെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പ്രവീൺ കാണ്ട്രെഗുലയുടെ ചിത്രമാണ് പർദ. സമൂഹത്തിലെ കാലഹരണപ്പെട്ട ആചാരങ്ങളും അവ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതും പ്രമേയമാകുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനോടൊപ്പം ദർശന രാജേന്ദ്രൻ, സംഗീത കൃഷ് എന്നിവർ ഒന്നിക്കുന്നു.

ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന ഒരു കഥയാണ് ചിത്രത്തിന്റേതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ എങ്ങനെയാണ് ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാകുന്നത് എന്ന ചർച്ചക്ക് ചിത്രം വഴിയൊരുക്കും എന്ന് പ്രതീക്ഷിക്കാം. 'സിനിമാ ബണ്ടി', 'ശുഭം' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രവീൺ കാണ്ട്രെഗുലയാണ് 'പർദ' സംവിധാനം ചെയ്യുന്നത്. മുഖം 'പർദ’കൊണ്ട് മറയ്ക്കുന്ന ഒരു പാരമ്പര്യമുള്ള ഗ്രാമത്തിൽ ജീവിക്കുന്ന സുബ്ബു എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.

അനുപമ പരമേശ്വരൻ സുബ്ബുവായി എത്തുമ്പോൾ ദർശന രാജേന്ദ്രൻ്റെയും സംഗീതയുടെയും കഥാപാത്രങ്ങൾ, സുബ്ബുവിനെ കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതം എങ്ങനെ മാറുന്നു എന്നും ഈ കണ്ടുമുട്ടൽ അവളുടെ ജീവിതത്തിനു മേലുള്ള നിയന്ത്രണങ്ങളെ ചോദ്യം ചെയ്യാൻ അവളെ പ്രേരിപ്പിക്കുന്നു എന്നും ചിത്രത്തിൻ്റെ ട്രയിലറിൽ നിന്ന് മനസ്സിലാക്കാം.

ഒരു സാധാരണ കഥ എന്നതിലുപരി, 'പർദ’ സമൂഹത്തിന് ഒരു കണ്ണാടി കൂടിയാകും എന്നതിന് സംശയമില്ല. തലമുറകളായി സ്ത്രീകളുടെ സ്ഥാനം നിർണ്ണയിച്ചുവരുന്ന ആഴത്തിൽ വേരൂന്നിയ യാഥാസ്ഥിതിക സാമൂഹിക ആചാരങ്ങളെ ചിത്രം വിമർശിക്കുന്നു. അതോടൊപ്പം, ഇത് പ്രതിരോധത്തിന്റെയും പ്രതിസന്ധികളെ അതിജീവിച്ച് മാറ്റങ്ങൾക്കുവേണ്ടി ശബ്ദമുയർത്താനുള്ള ധൈര്യത്തിന്റെയും ആഘോഷം കൂടിയാകുകയാണ്. വിജയ് ഡോൺകട, ശ്രീനിവാസലു പി വി, ശ്രീധർ മക്കുവ എന്നിവർ ആനന്ദ മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മൃദുൽ സുജിത് സെൻ ഛായാഗ്രഹണവും ധർമ്മേന്ദ്ര കാക്കറാല എഡിറ്റിങ്ങും നിർവഹിക്കുന്നു.

ചിത്രത്തിൽ രാഗ് മയൂർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. തെലുങ്ക് മാർക്കറ്റിംഗും പി.ആറും വംശി ശേഖറും, മലയാളത്തിലെ മാർക്കറ്റിംഗും കമ്യൂണിക്കേഷനും സ്റ്റോറീസ് സോഷ്യലിന്റെ ഡോ. സംഗീത ജനചന്ദ്രനും കൈകാര്യം ചെയ്യുന്നു. ഈ വരുന്ന ആഗസ്ത് 22-ന് 'പർദ’ തെലുങ്കിലും മലയാളത്തിലും ഒരേസമയം തിയറ്ററുകളിൽ എത്തും.



Similar Posts