
'എന്തൊരു നുണയനാണ് ഇയാൾ'; അനുരാഗ് മദ്യപാനിയാണെന്ന വിവേക് അഗ്നിഹോത്രിയുടെ പരാമര്‍ശത്തിനെതിരെ സംവിധായകന്‍
|'ധൻ ധനാ ധൻ ഗോൾ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ അനുരാഗിന്‍റെ മദ്യപാന ശീലം സെറ്റിൽ ബുദ്ധിമുട്ടുണ്ടാക്കിയതായി വിവേക് ആരോപിച്ചിരുന്നു
മുംബൈ: ബോളിവുഡ് സംവിധായകരായ അനുരാഗ് കശ്യപും വിവേക് അഗ്നിഹോത്രിയും തമ്മിലുള്ള പോര് തുടങ്ങിയിട്ട് കുറച്ചുനാളുകളായി.ഇപ്പോഴിതാ കശ്യപ് ഒരു മദ്യപാനിയായിരുന്നുവെന്നും 'ധൻ ധനാ ധൻ ഗോൾ' എന്ന സിനിമയുടെ സെറ്റിൽ അദ്ദേഹത്തെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായിരുന്നുവെന്നുമുള്ള വിവേകിന്‍റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍.
വിവേക് ഒരു നുണയൻ ആണെന്നായിരുന്നു അനുരാഗിന്‍റെ പ്രതികരണം.ബുധനാഴ്ച രാവിലെ, അനുരാഗ് വിവേക് തന്നെക്കുറിച്ച് നടത്തിയ പ്രസ്താവന വിശദീകരിക്കുന്ന ഒരു വാർത്താ റിപ്പോർട്ടിന്‍റെ സ്ക്രീൻഷോട്ട് പങ്കിട്ടു. ''ഈ മനുഷ്യൻ ഒരു നുണയനാണ്. ഷൂട്ട് നടന്നത് ലണ്ടനിലാണ്. ഞാൻ ഇന്ത്യയിലായിരുന്നു. അദ്ദേഹത്തിന് മോട്‌വാനെയുടെയോ എന്‍റെയോ തിരക്കഥ വേണ്ടായിരുന്നു. ഫുട്ബോളിന്‍റെ ലഗാൻ നിർമിക്കാൻ അദ്ദേഹം ആഗ്രഹിച്ചു, ആ മോശം തിരക്കഥ എഴുതാൻ സ്വന്തം എഴുത്തുകാരനെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ഞാനോ മോട്‍വാനെയോ ഒരിക്കലും സെറ്റിൽ പോയിട്ടില്ല.@vivekagnohotri എന്ന പേരിൽ പോസ്റ്റുകൾ ഇടുന്നത് നിർത്തൂ'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുരാഗിന്‍റെ ദീർഘകാല സഹപ്രവർത്തകനായ വിക്രമാദിത്യ മോട്‌വാനെയും അനുരാഗിന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവച്ചിട്ടുണ്ട്.
ഈ ആഴ്ച ആദ്യം, ഡിജിറ്റൽ കമന്‍ററിക്ക് നൽകിയ അഭിമുഖത്തിൽ, 'ധൻ ധനാ ധൻ ഗോൾ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ അനുരാഗിന്‍റെ മദ്യപാന ശീലം സെറ്റിൽ ബുദ്ധിമുട്ടുണ്ടാക്കിയതായി വിവേക് ആരോപിച്ചിരുന്നു. ''ആ സമയത്ത് അനുരാഗ് ധാരാളം മദ്യപിക്കുമായിരുന്നു. സമയത്തെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു ബോധവുമില്ലായിരുന്നു.പിന്നെ അയാൾ വിക്രമാദിത്യ മോട്‌വാനെയെ കൊണ്ടുവന്നു. തന്‍റെ സുഹൃത്താണ് സഹായിക്കുമെന്ന് പറഞ്ഞു. ക്രമേണ, എല്ലാ ജോലികളും വിക്രമാദിത്യനെ ഏൽപ്പിച്ചു. ഞാൻ ചെയ്യാൻ ആഗ്രഹിച്ചത് വ്യത്യസ്തമായിരുന്നു; അവരുടെ കാഴ്ചപ്പാട് പൂർണമായും മറ്റൊന്നായിരുന്നു. ഒടുവിൽ ഞങ്ങൾ തമ്മിൽ തർക്കമായി. പ്രൊഡക്ഷൻ ഹൗസ് അനുരാഗുമായി ഒരു വാക്ക് പറഞ്ഞു.അനുരാഗിനെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായി.കാരണം ഒരു മദ്യപാനിക്ക് മാത്രമേ ഒരു മദ്യപാനിയുടെ അവസ്ഥ മനസ്സിലാകൂ. അത് വളരെ വലിയ ഒരു പ്രശ്നമായി മാറി'' എന്നാണ് വിവേക് അഗ്നിഹോത്രി പറഞ്ഞത്.
യുടിവി മോഷൻ പിക്‌ചേഴ്‌സിന് വേണ്ടി റോണി സ്‌ക്രൂവാല നിർമ്മിച്ച് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ധന് ധനാധൻ ഗോളിൽ ജോൺ എബ്രഹാം, ബിപാഷ ബസു, അർഷാദ് വാർസി, ബൊമൻ ഇറാനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2007 ൽ പുറത്തിറങ്ങിയ ഈ സ്പോർട്സ് ഡ്രാമ ബോക്സ് ഓഫീസിൽ ശരാശരി വിജയം മാത്രമേ നേടിയുള്ളൂ.