< Back
Entertainment
Kannappa
Entertainment

'കണ്ണപ്പ സിനിമയെ ട്രോളുന്നവര്‍ ശിവന്‍റെ കോപത്തിനിരയാകും'; ട്രോളൻമാര്‍ക്കെതിരെ നടൻ

Web Desk
|
24 March 2025 2:52 PM IST

കണ്ണപ്പയെ ട്രോളുന്നവര്‍ ശിവന്‍റെ കോപത്തിന് ഇരയാകുമെന്നും ശിക്ഷിക്കപ്പെടുമെന്നും പ്രമോഷന്‍ പരിപാടിയിൽ രഘു പറഞ്ഞു

ഹൈദരാബാദ്: തെലുഗ് താരം വിഷ്ണു മഞ്ചു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'കണ്ണപ്പ'. വൻ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ മോഹൻകുമാര്‍, പ്രഭാസ്, ശരത് കുമാര്‍, അക്ഷയ് കുമാര്‍, കാജൽ അഗര്‍വാൾ തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. അടുത്ത മാസം 25നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. കണ്ണപ്പയുടെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയെ കളിയാക്കി ട്രോളുകളും മീമുകളും സോഷ്യൽമീഡിയയിൽ വൈറലായി. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നടൻ രഘു ബാബു.

കണ്ണപ്പയെ ട്രോളുന്നവര്‍ ശിവന്‍റെ കോപത്തിന് ഇരയാകുമെന്നും ശിക്ഷിക്കപ്പെടുമെന്നും പ്രമോഷന്‍ പരിപാടിയിൽ രഘു പറഞ്ഞു. രഘുവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നടന്‍റെ വീഡിയോ പുറത്തുവന്നതോടെ ട്രോളുകളുടെ എണ്ണം കൂടി. അങ്ങനെയാണെങ്കിൽ ഇങ്ങനെയൊരു ട്രോൾ സിനിമ നിര്‍മിച്ചതിന് ചിത്രത്തിന്‍റെ നിര്‍മാതാക്കളായിരിക്കും നിത്യകോപം നേരിടേണ്ടി വരുന്നതെന്നും ഹൈസ്കൂൾ മത്സരങ്ങളിലെ വസ്ത്രാലങ്കാരം ഇതിനെക്കാൾ മികച്ചതാണെന്നും ഒരു ഉപയോക്താവ് കുറിച്ചു. "കണ്ണപ്പ സിനിമയുടെ ടിക്കറ്റിന് പണം ഈടാക്കുന്ന ഏതൊരാളും ശിവന്‍റെ കോപത്തിന് ഇരയാകുകയും കഠിനമായ ശാപം നേരിടുകയും ചെയ്യും. - ടീം ശിവ ഭക്തർ". എന്നായിരുന്നു മറ്റൊരു കമന്‍റ്.

ചിത്രത്തിലെ മോഹൻലാലിന്‍റെ ഗെറ്റപ്പും വിമര്‍ശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ശിവന്‍റെ ഭക്തനായ കണ്ണപ്പയുടെ ജീവിതത്തെ അടിസ്ഥാനമാക്കി മുകേഷ് കുമാര്‍ സിങം സംവിധാനം ചെയ്ത ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം.

തെലുഗു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം- സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍- ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ചിന്ന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് മഹേശ്വര്‍, ആര്‍ വിജയ് കുമാര്‍.

Similar Posts