< Back
Entertainment
വൈറലായി അപ്പാനിയുടെ മോണിക്ക
Entertainment

വൈറലായി അപ്പാനിയുടെ മോണിക്ക

Web Desk
|
31 July 2021 10:15 AM IST

പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് വളരെ രസകരമായി ചിത്രീകരിക്കപ്പെട്ട ഈ വെബ്സീരീസിന് വലിയ സ്വീകാര്യതയാണ് ഇപ്പോള്‍ പ്രേക്ഷകരില്‍നിന്നും ലഭിക്കുന്നത്

യുവനടന്‍ അപ്പാനി ശരത്ത് നായകനും സംവിധായകനുമായ വെബ്സീരീസ് 'മോണിക്ക'യുടെ ആദ്യ എപ്പിസോഡ് 'ഹോം എലോണ്‍' റിലീസായി. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം വെബ്സീരീസ് സോഷ്യല്‍മീഡിയയില്‍ തരംഗമായി. പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് വളരെ രസകരമായി ചിത്രീകരിക്കപ്പെട്ട ഈ വെബ്സീരീസിന് വലിയ സ്വീകാര്യതയാണ് ഇപ്പോള്‍ പ്രേക്ഷകരില്‍നിന്നും ലഭിക്കുന്നത്. കനേഡിയന്‍ പ്രൊഡക്ഷന്‍ കമ്പനിയായ ക്യാന്‍റ്ലൂപ്പ് മീഡിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അപ്പാനി ശരത്ത് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത വെബ്സീരീസാണ് .

അപ്പാനി ശരത്തും ഭാര്യ രേഷ്മയും നായകനും നായികയുമായി ആദ്യമായി ഒരുമിച്ച് വെള്ളിത്തിരയിലെത്തുന്ന വെബ്സീരീസ് കൂടിയാണ് മോണിക്ക. പ്രശസ്ത ചലച്ചിത്ര താരങ്ങള്‍ അണിനിരക്കുന്ന മലയാളത്തിലെ ആദ്യത്തെ വെബ്സീരീസ് എന്ന പുതുമയും മോണിക്കയ്ക്കുണ്ട്. കൂടാതെ ഒരു സൗഹൃദക്കൂട്ടായ്മയില്‍ പിറവിയെടുത്ത വെബ്സീരീസ് കൂടിയാണിത്.

ലോക്ഡൗണ്‍ സമയത്ത് ഒരു വീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങളെയാണ് മോണിക്കയുടെ ആദ്യ എപ്പിസോഡില്‍ അവതരിപ്പിക്കുന്നത്. ഡോണി എന്ന കഥാപാത്രമായി അപ്പാനിയും മോളി (മോണിക്ക) എന്ന കഥാപാത്രമായി അപ്പാനിയുടെ ഭാര്യ രേഷ്മയും വെബ്സീരീസിലെത്തുന്നു. പത്ത് എപ്പിസോഡുകളുള്ള മോണിക്ക കാനഡയിലും കേരളത്തിലുമായിട്ടാണ് ചിത്രീകരിച്ചത്. ലോക്ഡൗണ്‍ സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടായിരുന്നു മോണിക്കയുടെ ചിത്രീകരണം. താരദമ്പതികളുടെ കളിയും ചിരിയും നിറഞ്ഞ ഒട്ടേറെ കാഴ്ചാനുഭവങ്ങള്‍ നമുക്കുണ്ടെങ്കിലും അതില്‍നിന്നെല്ലാം ഏറെ കൗതുകവും തമാശയും നിറഞ്ഞതാണ് അപ്പാനി ഒരുക്കിയ 'മോണിക്ക'. ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. തമാശയാണ് മോണിക്കയുടെ പ്രമേയം.

സിനോജ് വര്‍ഗ്ഗീസ്, മനു എസ് പ്ളാവിള, കൃപേഷ് അയ്യപ്പന്‍കുട്ടി, (കണ്ണന്‍), ഷൈനാസ് കൊല്ലം,എന്നിവരാണ് മോണിക്കയിലെ അഭിനേതാക്കള്‍ രചന, സംവിധാനം- അപ്പാനി ശരത്ത് നിര്‍മ്മാണം-വിഷ്ണു, തിരക്കഥ, സംഭാഷണം- മനു എസ് പ്ലാവില, ക്യാമറ-സിബി ജോസഫ്, ഫോര്‍ മ്യൂസിക്കാണ് മോണിക്കയുടെ പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. പി.ആര്‍. ഒ-പി ആര്‍ സുമേരന്‍ .



Similar Posts