Entertainment
ARRahmansonaccident, ARRahmansonARAmeenaccident
Entertainment

കൂറ്റൻ അലങ്കാരദീപങ്ങൾ വേദിയിലേക്ക് പൊട്ടിവീണു; തലനാരിഴയ്ക്ക് വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ട് എ.ആർ റഹ്മാന്റെ മകൻ

Web Desk
|
5 March 2023 10:07 PM IST

'ഇന്നിപ്പോൾ സുരക്ഷിതനായി ജീവിച്ചിരിക്കുന്നതിന് സർവശക്തനോടും മാതാപിതാക്കളോടും കുടുംബത്തോടും എന്റെ ആത്മീയഗുരുവിനോടും നന്ദിയുണ്ട്.'

ചെന്നൈ: ഗാനചിത്രീകരണത്തിനിടെ വൻ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സംഗീതജ്ഞൻ എ.ആർ റഹ്മാന്റെ മകൻ. പിന്നണി ഗായകൻ കൂടിയായ എ.ആർ അമീനാണ് ഗാനചിത്രീകരണത്തിനിടെ അപകടത്തിൽപെട്ടത്. വേദിയിലേക്ക് കൂറ്റൻ ദീപാലങ്കാരങ്ങൾ അടക്കമുള്ള സാമഗ്രികൾ തകർന്നുവീഴുകയായിരുന്നു.

മൂന്നു ദിവസം മുൻപ് നടന്ന അപകടവിവരം അമീൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 'ഇന്നിപ്പോൾ സുരക്ഷിതനായി ജീവിച്ചിരിക്കുന്നതിന് സർവശക്തനോടും മാതാപിതാക്കളോടും കുടുംബത്തോടും അഭ്യുദയകാംക്ഷികളോടും എന്റെ ആത്മീയഗുരുവിനോടും നന്ദിയുണ്ട്.'-അപകടവാർത്ത പുറത്തുവിട്ട സോഷ്യൽ മീഡിയ കുറിപ്പിൽ അമീൻ കുറിച്ചു.

ഒരു ഗാനം ചിത്രീകരിക്കുന്നതിനിടെ, കാമറയ്ക്കുമുന്നിൽ പാടിക്കൊണ്ടിരിക്കെയായിരുന്നു ക്രെയിനിൽ ഘടിപ്പിച്ചിരുന്ന ദീപാലങ്കാരങ്ങളും സാമഗ്രികളും വേദിയിലേക്ക് പൊട്ടിവീണതെന്ന് അദ്ദേഹം വെളിപ്പെടുത്തി. സംഭവസമയത്ത് വേദിയുടെ നടുവിലായിരുന്നു താനുണ്ടായിരുന്നത്. ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ ആയിരുന്നെങ്കിൽ, ഇത്തരി സെക്കൻഡ് മുൻപോ ശേഷമോ എല്ലാംകൂടെ തന്റെ തലയ്ക്കുമുകളിലായിരിക്കും തകർന്നുവീണിരിക്കുകയെന്നും അമീൻ കുറിച്ചു.

ഞാനും ടീമും ആകെ ഞെട്ടിയിരിക്കുകയാണ്. അതിന്റെ മാനസികാഘാതത്തിൽനിന്ന് ഇനിയും മുക്തരാകാനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേദിയുടെയും അപകടത്തിന്റെയും ചിത്രങ്ങളും അമീൻ പങ്കുവച്ചിട്ടുണ്ട്.

മണിരത്‌നം സംവിധാനം ചെയ്ത 'ഒ.കെ കൺമണി'യിലൂടെയാണ് പിന്നണിരംഗത്ത് എ.ആർ അമീൻ അരങ്ങേറ്റം കുറിച്ചത്. എ.ആർ റഹ്മാൻ സംഗീതം നിർവഹിച്ച ചിത്രത്തിൽ 'മൗലാ യാ സല്ലി വ സല്ലിം' എന്ന ഗാനമാണ് അമീൻ പാടിയത്. റഹ്മാൻ തന്നെ സംഗീത സംവിധാനം നിർവഹിച്ച സച്ചിൻ: എ ബില്യൻ ഡ്രീംസ്, കംപിൾസ് റിട്രീറ്റ്, 2.0, ദിൽ ബേച്ചാര, ഗലാട്ട കല്യാണം തുടങ്ങിയ ചിത്രങ്ങളിലും യുവാൻ ശങ്കർ രാജയുടെ സംഗീതത്തിൽ റോഷൻ സലൂരിയുടെ സംഗീതത്തിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

Summary: AR Rahman's son AR Ameen escapes major accident on a shooting set as chandelier falls upon the stage

Similar Posts