< Back
Entertainment
മോഹന്‍ലാലിന്‍റെ ആറാട്ട് തിയറ്ററില്‍ തന്നെ; റിലീസ് തിയതി പ്രഖ്യാപിച്ചു
Entertainment

മോഹന്‍ലാലിന്‍റെ ആറാട്ട് തിയറ്ററില്‍ തന്നെ; റിലീസ് തിയതി പ്രഖ്യാപിച്ചു

ijas
|
15 Jun 2021 8:07 PM IST

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ഓണത്തിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

മോഹൻലാലിന്‍റെ മാസ് മസാല ചിത്രം ആറാട്ടിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. പൂജ അവധിക്കാലമായ ഒക്ടോബർ 14–ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്‍റെ സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. സംസ്ഥാനത്ത് ലോക്ക് ഡൗൺ ലഘൂകരിച്ചതിന് പിന്നാലെയാണ് ആറാട്ടിന്‍റെ തിയേറ്റര്‍ റിലീസ് പ്രഖ്യാപനം വന്നത്. ഇതിന് പിന്നാലെ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ഓണത്തിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ആറാട്ട് ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. തികഞ്ഞ മാസ് മസാല പടമായിരിക്കും ആറാട്ടെന്നാണ് ചിത്രത്തിന്‍റെ ടീസറില്‍ നിന്നുമുള്ള സൂചന.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഗോപന്‍ എന്ന കഥാപാത്രം നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റ പ്രമേയമെന്ന് ബി. ഉണ്ണികൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വില്ലന്‍ എന്ന ചിത്രത്തിനു ശേഷമാണ് മോഹന്‍ലാല്‍- ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത്. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്‍റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: ഷമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ.


Similar Posts