< Back
Entertainment
ഐ.എഫ്.എഫ്.കെ അന്താരാഷ്ട്ര വിഭാഗത്തില്‍ മത്സരിക്കാന്‍ അറിയിപ്പും, നന്‍പകല്‍ നേരത്ത് മയക്കവും; മലയാള സിനിമകളുടെ പട്ടിക പുറത്ത്
Entertainment

ഐ.എഫ്.എഫ്.കെ അന്താരാഷ്ട്ര വിഭാഗത്തില്‍ മത്സരിക്കാന്‍ 'അറിയിപ്പും', 'നന്‍പകല്‍ നേരത്ത് മയക്കവും'; മലയാള സിനിമകളുടെ പട്ടിക പുറത്ത്

ijas
|
12 Oct 2022 4:14 PM IST

ഈ വര്‍ഷം ഡിസംബര്‍ 9 മുതല്‍ 16 വരെ എട്ട് ദിവസങ്ങളിലായാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്

തിരുവനന്തപുരം: 27ആമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര വിഭാഗത്തില്‍ മത്സരിക്കാന്‍ മലയാളത്തില്‍ നിന്നും രണ്ട് ചിത്രങ്ങള്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭവും പ്രധാന വേഷത്തിലെത്തിയ 'അറിയിപ്പ്', ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ 'നന്‍പകല്‍ നേരത്ത് മയക്കം' എന്നീ സിനിമകളാണ് അന്താരാഷ്ട്ര വിഭാഗത്തില്‍ മത്സരിക്കുക. സംവിധായകന്‍ ആര്‍ ശരത് ചെയര്‍മാനായ ജൂറിയാണ് മലയാള സിനിമകള്‍ തെരഞ്ഞെടുത്തത്. സംവിധായകരായ ഷെറി, രഞ്ജിത് ശങ്കര്‍, അനുരാജ് മനോഹര്‍, ജീവ കെ.കെ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ജൂറിയിലുള്ളത്.

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'വഴക്ക്', താമര്‍ കെ.വി സംവിധാനം ചെയ്ത 'ആയിരത്തൊന്ന് നുണകള്‍', അമല്‍ പ്രാസി സംവിധാനം ചെയ്ത 'ബാക്കി വന്നവര്‍', കമല്‍ കെ.എം സംവിധാനം ചെയ്ത 'പട', പ്രതീഷ് പ്രസാദ് സംവിധാനം ചെയ്ത 'നോര്‍മല്‍', അരവിന്ദ് എച്ച് സംവിധാനം ചെയ്ത 'ഗ്രേറ്റ് ഡിപ്രഷന്‍', രാരിഷ് ജി സംവിധാനം ചെയ്ത 'വേട്ടപ്പട്ടികളും ഓട്ടക്കാരും', സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത 'ആണ്', സതീഷ് ബാബുസേനന്‍, സന്തോഷ് ബാബു സേനന്‍ എന്നിവര്‍ സംവിധാനം ചെയ്ത 'ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ടുമക്കളും', പ്രിയനന്ദനന്‍ സംവിധാനം ചെയ്ത 'ധബാരി ക്യൂരുവി', അഖില്‍ അനില്‍ കുമാര്‍, കുഞ്ഞില മാസിലാമണി, ഫ്രാന്‍സിസ് ലൂയിസ്, ജിയോ ബേബി, ജിതിന്‍ ഐസക് തോമസ് എന്നിവരുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആന്തോളജി സിനിമ 'ഫ്രീഡം ഫൈറ്റ്', ഇന്ദു വി.എസ് സംവിധാനം ചെയ്ത '19(1)(a)' എന്നീ സിനിമകളാണ് 'മലയാളം സിനിമ ഇന്ന്' വിഭാഗത്തില്‍ മത്സരിക്കുക.

രണ്ട് വര്‍ഷത്തിന് ശേഷമാണ് ഐ.എഫ്.എഫ്.കെ സാധാരണ സംഘടിപ്പിക്കാറുള്ള ഡിസംബര്‍ മാസത്തില്‍ നടത്തുന്നത്. ഈ വര്‍ഷം ഡിസംബര്‍ 9 മുതല്‍ 16 വരെ എട്ട് ദിവസങ്ങളിലായാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. രാജ്യാന്തര മല്‍സരവിഭാഗം, ലോക സിനിമ, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ വിഭാഗങ്ങളിലായാണ് സംസ്ഥാന ചലച്ചിത്ര മേള നടക്കുക. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അവസാന രണ്ട് ചലച്ചിത്ര മേളകളില്‍ ഒന്ന് മാറ്റിവെക്കുകയും മറ്റൊന്ന് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി പ്രാദേശികമായി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

Similar Posts