< Back
Entertainment
സൈനികരെ അധിക്ഷേപിച്ചു; നിര്‍മാതാവ് എക്താ കപൂറിനും അമ്മക്കുമെതിരെ അറസ്റ്റ് വാറണ്ട്
Entertainment

സൈനികരെ അധിക്ഷേപിച്ചു; നിര്‍മാതാവ് എക്താ കപൂറിനും അമ്മക്കുമെതിരെ അറസ്റ്റ് വാറണ്ട്

Web Desk
|
29 Sept 2022 7:18 AM IST

ബിഹാറിലെ ബെഗുസരായ് കോടതിയാണ് ബുധനാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്

ബെഗുസാരായ്: വെബ് സീരിസിലൂടെ സൈനികരെ അധിക്ഷേപിക്കുകയും കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്ന കുറ്റത്തിന് ബോളിവുഡ് നിർമാതാവും സംവിധായികയുമായ ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനുമെതിരെ അറസ്റ്റ് വാറണ്ട്. ബിഹാറിലെ ബെഗുസരായ് കോടതിയാണ് ബുധനാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

'XXX' (സീസൺ-2) എന്ന വെബ് സീരിസിലൂടെയാണ് സൈനികരെ അധിക്ഷേപിച്ചത്. മുൻ സൈനികനും ബെഗുസരായ് സ്വദേശിയുമായ ശംഭുകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജഡ്ജി വികാസ് കുമാർ വാറണ്ട് പുറപ്പെടുവിച്ചത്. 2020ലാണ് ശംഭുകുമാര്‍ പരാതി സമര്‍പ്പിച്ചത്. സിരീസില്‍ ഒരു സൈനികന്‍റ ഭാര്യയുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപകരമായ രംഗങ്ങൾ ഉൾപ്പെടുത്തിയതായി പരാതിയില്‍ ആരോപിക്കുന്നു. "എക്ത കപൂറിന്‍റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ALT ബാലാജിയിലാണ് പരമ്പര സംപ്രേക്ഷണം ചെയ്തത്. ശോഭ കപൂറും ബാലാജി ടെലിഫിലിംസുമായി ബന്ധപ്പെട്ടിരിക്കുന്നു," ശംഭുകുമാറിന്‍റെ അഭിഭാഷകനായ ഋഷികേശ് പതക് പറഞ്ഞു.

എക്തക്കും ശോഭക്കും സമന്‍സുകള്‍ അയച്ച കോടതി വിഷയവുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് പതക് പറഞ്ഞു. എന്നാൽ എതിർപ്പിനെ തുടർന്ന് വെബ് സിരീസിലെ ചില രംഗങ്ങൾ നീക്കം ചെയ്തതായി എക്ത കപൂര്‍ കോടതിയെ അറിയിച്ചു.

Similar Posts