< Back
Entertainment
രാമായണം പരമ്പരയിലെ രാവണന്‍ അരവിന്ദ് ത്രിവേദി അന്തരിച്ചു
Entertainment

രാമായണം പരമ്പരയിലെ രാവണന്‍ അരവിന്ദ് ത്രിവേദി അന്തരിച്ചു

Web Desk
|
6 Oct 2021 11:33 AM IST

ചൊവ്വാഴ്ച രാത്രി മുംബൈയില്‍ വച്ചായിരുന്നു അന്ത്യം

നടനും മുന്‍ എംപിയുമായ അരവിന്ദ് ത്രിവേദി അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. 82 വയസായിരുന്നു. രാമാനന്ദ് സാഗറിന്‍റെ ബ്രഹ്മാണ്ഡ പരമ്പരയായ രാമായണത്തില്‍ രാവണനായി തിളങ്ങിയ നടനാണ് ത്രിവേദി. അരവിന്ദ് ത്രിവേദിയുടെ രാവണനെ അക്കാലത്തെ പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഹിന്ദിയിലും ഗുജറാത്തിയിലുമായി മുന്നൂറോളം ചിത്രങ്ങളില്‍ ത്രിവേദി അഭിനയിച്ചിട്ടുണ്ട്. വിക്രം ഓര്‍ ബീതല്‍ ടിവി സീരിസിലും വേഷമിട്ടിട്ടുണ്ട്. ത്രിവേദി മുത്തച്ഛന്‍ ആയി അഭിനയിച്ച ദേശ് റെ ജോയ ദാദ പരദേശ് ജോയ എന്ന സിനിമ ബോക്സോഫീസില്‍‌ ഹിറ്റായിരുന്നു. അദ്ദേഹത്തിന്‍റെ സഹോദരന്‍ ഉപേന്ദ്ര ത്രിവേദിയും ഗുജറാത്തി സിനിമയില്‍ തിളങ്ങിയ ആളാണ്. മികച്ച നടനുള്ള ഗുജറാത്തി സര്‍ക്കാരിന്‍റെ പുരസ്കാരം ഏഴു തവണ ത്രിവേദിക്ക് ലഭിച്ചിട്ടുണ്ട്. 1991 മുതല്‍ 96 വരെ ഗുജറാത്തിലെ സബര്‍കഥ മണ്ഡലത്തില്‍ നിന്നുള്ള എം.പിയായിരുന്നു. 2002 ൽ സെൻട്രൽ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷന്‍റെ ആക്ടിംഗ് ചെയർമാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാമായണം പരമ്പരയില്‍ ലക്ഷ്മണനായി വേഷമിട്ട സുനില്‍ ലാഹ്രി ത്രിവേദിയുടെ മരണത്തില്‍ അനുശോചിച്ചു. ത്രിവേദി തനിക്ക് പിതാവിനെ പോലെയാണെന്നും വഴികാട്ടിയെയും അഭ്യുദയകാംക്ഷിയെയുമാണ് തനിക്ക് നഷ്ടപ്പെട്ടെതെന്നും സുനില്‍ ട്വിറ്ററില്‍ കുറിച്ചു.

Similar Posts