< Back
Entertainment
സീതയായി തൈമൂറിന്‍റെ അമ്മ വേണ്ട, കങ്കണ മതി; കരീനക്കെതിരെ സൈബര്‍ ആക്രമണം
Entertainment

'സീതയായി തൈമൂറിന്‍റെ അമ്മ വേണ്ട, കങ്കണ മതി'; കരീനക്കെതിരെ സൈബര്‍ ആക്രമണം

Web Desk
|
13 Jun 2021 12:24 PM IST

സംഘപരിവാര്‍ അനുകൂലികള്‍ കരീനയെ മാത്രമല്ല, കരീനയുടെ കുഞ്ഞിനെ പോലും വെറുതെ വിടുന്നില്ല

സീത ദ ഇന്‍കാര്‍നേഷന്‍ എന്ന സിനിമയില്‍ കരീന കപൂറിനെ നായികയായി പരിഗണിച്ചതോടെ നടിക്കെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ അനുകൂലികള്‍‍. സീതയാവാന്‍ യോഗ്യത നടി കങ്കണ റണാവത്തിനാണെന്നാണ് ചിലരുടെ വാദം. ചിലര്‍ യാമി ഗൌതം സീതയാകണമെന്നാണ് അഭിപ്രായപ്പെടുന്നത്.

സംഘപരിവാര്‍ അനുകൂലികള്‍ കരീനയെ മാത്രമല്ല, കരീനയുടെ കുഞ്ഞിനെ പോലും വെറുതെ വിടുന്നില്ല. സെയ്ഫ് അലി ഖാന്റെ ഭാര്യയും തൈമുര്‍ അലി ഖാന്റെ അമ്മയുമായ കരീന സീതയുടെ വേഷം ചെയ്യേണ്ട, ഹിന്ദു നടി മതിയെന്നാണ് ട്വിറ്ററില്‍ സംഘപരിവാര്‍ അനുകൂലികള്‍ ആവശ്യപ്പെടുന്നത്. ബോയ്കോട്ട് കരീന കപൂര്‍ ഖാന്‍ (#Boycottkareenakapoorkhan) എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങാണ്.



സീതയുടെ വേഷമല്ല, ശൂര്‍പ്പണഖയുടെ വേഷമാണ് കരീനയ്ക്ക് അനുയോജ്യം, സീതയുടെ റോള്‍ കരീന അര്‍ഹിക്കുന്നില്ല, ഹിന്ദു ദൈവങ്ങളെ ആദരിക്കാത്ത ഒരു നടി ഈ വേഷം ചെയ്യരുത് എന്നെല്ലാമാണ് സംഘപരിവാര്‍ അനുകൂലികളുടെ ട്വീറ്റ്.



രാമായണം ആസ്പദമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'സീത ദ ഇന്‍കാര്‍നേഷന്‍'. കഴിഞ്ഞ ദിവസമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കരീനയെ സമീപിച്ചത്. കരീന 12 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെയാണ് സംഘപരിവാര്‍ അനുകൂലികള്‍ കരീനക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്.



ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്ന ചിത്രം സംബന്ധിച്ച് ഫെബ്രുവരിയിലാണ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപനം നടത്തിയത്. കെ വി വിജയേന്ദ്ര പ്രസാദ് ആണ് കഥയും തിരക്കഥയും.



Similar Posts