
ഒറ്റ നോട്ടത്തിൽ ഷാറൂഖ് ഖാൻ, ഇബ്രാഹിം ഖാദിരി ഇന്ന് വാങ്ങുന്നത് ലക്ഷങ്ങൾ, ആ കഥ ഇങ്ങനെ...
|രാജ്കോട്ടില്‍ നടന്നൊരു ഐപിഎല്‍ മത്സരമാണ് അദ്ദേഹത്തെ ഇന്നത്തെ സെലിബ്രിറ്റി നിലയിലേക്ക് എത്തിച്ചത്
മുംബൈ: ഇബ്രാഹിം ഖാദിരിയെ നാട്ടുകാർക്ക് പരിചയപ്പെടുത്തിക്കൊടുക്കേണ്ട ആവശ്യമില്ല. ബോളിവുഡ് കിങ് ഖാൻ ഷാറൂഖ് ഖാനുമായുള്ള സാമ്യമാണ് ഖാദിരിയെ പ്രസിദ്ധനാക്കിയത്. നടപ്പിലും ഇരിപ്പിലും വേഷത്തിലും ഭാവത്തിലുമെല്ലാം ഷാറൂഖിനെ അനുസ്മരിപ്പിക്കുന്ന ഇബ്രാഹിം, ഫാഷൻ മാസികയായ വോഗിന്റെ കവർചിത്രമായി എത്തിയതോടെയാണ് ഒരിക്കൽ കൂടി അദ്ദേഹം തരംഗമാകുന്നത്.
ഗുജറാത്തിലെ ജുനഗഡില്‍ നിന്നുള്ള കലാകാരനാണ് ഇബ്രാഹിം ഖാദിരി. ജീവിക്കാൻ വേണ്ടി പരസ്യബോര്‍ഡുകള്‍ക്ക് നിറം പകര്‍ന്നവന്‍. ചെറുപ്പത്തിലെ കിങ് ഖാനുമായുള്ള സാമ്യം പരിചയപ്പെട്ടവരെല്ലാം ഇബ്രാഹിം ഖാദിരിയെ ഉണര്‍ത്തിയിരുന്നു. അന്ന് അതൊക്കെ അവഗണിച്ചു. രാജ്കോട്ടില്‍ നടന്നൊരു ഐപിഎല്‍ മത്സരമാണ് അദ്ദേഹത്തെ ഇന്നത്തെ സെലിബ്രിറ്റി നിലയിലേക്ക് എത്തിച്ചത്. ഷാറൂഖ് ഖാനാണെന്ന് കരുതി അന്ന് അദ്ദേഹത്തെകാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നവര്‍ തിക്കിത്തിരക്കിയതോടെയാണ് 'താനൊരു സംഭവമാണെന്ന്' അദ്ദേഹത്തിന് തന്നെ ബോധ്യമായത്.
സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. രണ്ടുനേരം ആഹാരംപോലും കണ്ടെത്താൻ സാധിക്കാതിരുന്നൊരു കാലം അദ്ദേഹത്തിനുണ്ടായിരുന്നു. ഹോര്‍ഡിങുകള്‍ക്ക് പെയിന്റ് അടിച്ച് കിട്ടുന്ന പണം ഒന്നിനും തികയില്ലായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല സ്ഥിതി, ലോകമെമ്പാടും ഷാറൂഖ് ഖാനായി സഞ്ചരിച്ച് പരിപാടികളിൽ പങ്കെടുക്കുന്നു. ഓരോ ഇവന്റിനും ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അപരൻ ഞാനാണെന്നാണ് തോന്നുന്നതെന്നും ഇബ്രാഹിം പറയുന്നു. ഷാറൂഖിന്റെ മറ്റ് അപരന്മാർക്കും ജോലികൾ ലഭിക്കുന്നുണ്ട്. എന്നാല്‍ താന്‍ നിരസിക്കുന്ന പരിപാടികളാണ് അവർക്ക് ലഭിക്കുന്നതെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു. അതേസമയം താനൊരിക്കലും ഷാറൂഖിനെ കാണാൻ ആഗ്രഹിക്കുന്നില്ലെന്നും ഇബ്രാഹിം ഖാദിരി പറയുന്നുണ്ട്.
ഷാറൂഖിന്റെ താരപ്രഭ മങ്ങരുതെന്ന് ആഗ്രഹിക്കുന്നതിനാൽ അദ്ദേഹത്തെ പരിഹസിച്ചുവരുന്ന കോമഡി ഷോകളിൽ നിന്നും മറ്റും വിട്ടുനിൽക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഷാറൂഖിനെ വെച്ച് ജീവിക്കുന്നുണ്ടെങ്കിലും ഇതിനൊരു നെഗറ്റീവ് വശം കൂടിയുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ഷോപ്പിങിനോ മറ്റു മാളിലേക്ക് പോയാൽ ധാരാളം പണമുണ്ടാകുമെന്ന് കരുതി ഉടമകൾ വില ഉയർത്തുന്നതാണത്.