< Back
Entertainment
Baahubali
Entertainment

രണ്ട് ഭാഗങ്ങളല്ല, ഒറ്റച്ചിത്രമായി 'ബാഹുബലി' വീണ്ടും തിയറ്ററുകളിലേക്ക്; ഒക്ടോബറിൽ റീ-റിലീസ്

Web Desk
|
11 Jun 2025 3:03 PM IST

ആദ്യഭാഗം പുറത്തിറങ്ങിയതിന്‍റെ പത്താം വാര്‍ഷികത്തിലാണ് നിര്‍മാതാക്കളുടെ പുതിയ നീക്കം

ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമയിൽ ഇപ്പോൾ റി റീലിസുകളുടെ കാലമാണ്. ഒരു കാലത്ത് തിയറ്ററുകൾ പൂരപ്പറമ്പാക്കിയ ചിത്രങ്ങൾ വീണ്ടും തിയറ്ററുകളിലെത്തുന്നത് ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. ഒരിക്കൽ പരാജയപ്പെട്ട ചിത്രങ്ങൾ പോലും റീ റിലീസിലൂടെ നേട്ടം കൊയ്തിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ ബോക്സോഫീസിൽ ചരിത്രം കുറിച്ച എസ്.എസ് രാജമൗലി-പ്രഭാസ് ചിത്രം ബാഹുബലിയുടെ റീ റിലീസിനൊരുങ്ങുകയാണ്. നേരത്തെ രണ്ട് വര്‍ഷത്തിന്റെ ഇടവേളയില്‍ രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഒറ്റഭാഗമായാണ് റീ റിലീസ് ചെയ്യുക. ആദ്യഭാഗം പുറത്തിറങ്ങിയതിന്‍റെ പത്താം വാര്‍ഷികത്തിലാണ് നിര്‍മാതാക്കളുടെ പുതിയ നീക്കം. 2015-ലായിരുന്നു ആദ്യഭാഗമായ ‘ബാഹുബലി: ദി ബിഗിനിങ്’ പുറത്തിറങ്ങിയത്.

രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം 2017-ല്‍ പുറത്തിറങ്ങിയ ‘ബാഹുബലി: ദി കണ്‍ക്ലൂഷ’നും ബോക്‌സ് ഓഫീസില്‍ വലിയ തരംഗം തീര്‍ത്തു. ഈ വര്‍ഷം ജൂലൈയിലാണ് ആദ്യ ഭാഗത്തിന്‍റെ റിലീസ് പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നത്. ഒക്ടോബറിൽ ചിത്രം റിലീസ് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആയിരം കോടി ക്ലബ്ബിലെത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോഡ് ബാഹുബലിയുടെ പേരിലായിരുന്നു.

ബാഹുബലി എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തിയത് പ്രഭാസായിരുന്നു. അച്ഛന്‍ അമരേന്ദ്ര ബാഹുബലിയായും മകന്‍ മഹേന്ദ്ര ബാഹുബലിയായും പ്രഭാസ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചത്. സത്യരാജ്, റാണാ ദഗ്ഗുബതി, അനുഷ്ക, തമന്ന എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ത്യയില്‍ മാത്രം 6500 സ്ക്രീനിലും ലോകമെമ്പാടുമായി 9000 സ്ക്രീനിലുമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തത്.

Similar Posts