
അവാര്‍ഡ് വിവരം അറിയാതെ സ്കൂള്‍ വിട്ടുവരുന്ന തന്മയ സോള്‍
'ചുമ്മാ പറയല്ലേ..!!'; പുരസ്‌കാരനേട്ടം അറിയാതെ ബാലതാരം സ്‌കൂൾ വിട്ട് വീട്ടിലേക്ക്-വൈറൽ വിഡിയോ
|സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത 'വഴക്ക്' ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് തന്മയ പുരസ്‌കാരത്തിന് അർഹയായത്
കോഴിക്കോട്: ''അറിഞ്ഞോ വല്ലോം? സംസ്ഥാന അവാർഡ് കിട്ടി''
''ഏയ്.. ചുമ്മാ പറയല്ലേ..''
''സത്യായിട്ടും.. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ്''
''ഏയ്.. ചുമ്മായാ...''
''എടീ.. സംസ്ഥാന അവാർഡ് കിട്ടീന്ന്...''
''സീരിയസ്‌ലി? ചുമ്മാ പറഞ്ഞതാണെന്ന് എനിക്കറിയാം''
53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ബാലതാരമായി(പെൺ) തിരഞ്ഞെടുക്കപ്പെട്ടത് തന്മയ സോൾ. എന്നാൽ, അവാർഡ് പ്രഖ്യാപിച്ച വിവരമൊന്നും തന്മയ അറിഞ്ഞിരുന്നില്ല. പതിവുപോലെ സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുംവഴിക്ക് ബന്ധുക്കൾ സർപ്രൈസ് നൽകിയിട്ടും അവൾക്ക് വിശ്വസിക്കാനായില്ല.
വെറുതെ പറയുന്നതല്ലേ എന്നായിരുന്നു കേട്ടയുടൻ തന്മയയുടെ പ്രതികരണം. വല്ല പ്രാങ്കുമായിരിക്കുമെന്ന് കരുതിയിരിക്കണം, പാവം. എന്നാൽ, വീണ്ടും ആവർത്തിച്ചുപറഞ്ഞിട്ടും അവൾക്ക് വിശ്വസിക്കാൻ കൂട്ടാക്കുന്നില്ല. 'ചുമ്മാ പറയുന്നതാണെന്ന് എനിക്കറിയാം'; അവൾ ഉറപ്പിച്ചുപറഞ്ഞു. ഒടുവിൽ, കൂടെക്കൂട്ടി അവാർഡ് പ്രഖ്യാപനത്തിന്റെ വിവരങ്ങൾ കാണിച്ചുകൊടുക്കുമ്പോഴാണ് തന്മയയ്ക്ക് ശരിക്കും വിശ്വാസമാകുന്നത്.
സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത 'വഴക്ക്' ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് തന്മയ പുരസ്‌കാരത്തിന് അർഹയായത്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ സുദേവ് നായർ, കനി കുസൃതി, അസീസ് നെടുമങ്ങാട് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന് 27-ാമത് കേരള ചലച്ചിത്ര മേളയിൽ 'മലയാളം സിനിമാ ടുഡേ' വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.
അസോഷ്യേറ്റ് ഡയരക്ടറും നടനുമായ അരുൺ സോളിന്റെ മകളാണ് തന്മയ. വഴക്കിന്റെ അസോഷ്യേറ്റ് ഡയരക്ടറുമാണ് അരുൺ. അരുണിന്റെ ഉടമസ്ഥതയിലുള്ള വിഡിയോഗ്രഫി സ്ഥാപനമായ സോൾബ്രദേസിൽ മാനേജറും സിനിമയിൽ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ജിഷ്ണു വിജയൻ ആണ് ജിഷ്ണു വിജയൻ ആണ് സർപ്രൈസ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
Summary: Thanmaya Sol, who won the state film award for best child actor, comes home from school without knowing the news of award-Viral video