< Back
Entertainment
ബോക്‌സോഫീസിൽ മൈക്കിളപ്പന്റെ തേരോട്ടം; ഭീഷ്മപർവ്വം നൂറു കോടി ക്ലബിൽ
Entertainment

ബോക്‌സോഫീസിൽ മൈക്കിളപ്പന്റെ തേരോട്ടം; ഭീഷ്മപർവ്വം നൂറു കോടി ക്ലബിൽ

Web Desk
|
30 March 2022 1:09 PM IST

മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം കേരളത്തിനകത്തും പുറത്തും വലിയ തരംഗമാണ് സൃഷ്ടിച്ചത്

അമൽ നീരദിന്റെ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം 100 കോടി ക്ലബ്ബിൽ. സാറ്റലൈറ്റ്, ഡിജിറ്റൽ അവകാശങ്ങള്‍ അടക്കം ആകെ 115 കോടിയാണ് ചിത്രം വാരിയത്. സിനിമാ അനലിസ്റ്റും കോളമിസ്റ്റുമായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. കോവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമാണ് ഭീഷ്മപർവ്വം.

കേരളത്തിൽനിന്നു മാത്രം ചിത്രം വാരിയത് 50.7 കോടി രൂപയാണ്. സംസ്ഥാനത്തിന് പുറത്തു നിന്ന് 35.5 കോടി രൂപ. ഒടിടി, സാറ്റലൈറ്റ് അവകാശം വിൽക്കുക വഴി 23.5 കോടി രൂപ ലഭിച്ചു.


മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം കേരളത്തിന് പുറത്തും വലിയ തരംഗമാണ് സൃഷ്ടിച്ചത്. ചിത്രത്തിന്റെ ടീസറും, ട്രെയ്ലറും, പാട്ടുകളുമെല്ലാം ട്രെൻഡിംഗിലുണ്ടായിരുന്നു. മമ്മൂട്ടിയുടെ ഹിറ്റ് ഡയലോഗായ 'ചാമ്പിക്കോ' ഉൾപ്പെട്ട ഫോട്ടോ ട്രെൻഡ് വൈറലായി തുടരുകയാണ്.

ബിഗ് ബി പുറത്തിറങ്ങി 15 വർഷത്തിന് ശേഷമാണ് അമൽ നീരദും മമ്മൂട്ടിയും ചിത്രത്തിൽ ഒന്നിച്ചത്. ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അബു സലിം, സുദേവ് നായർ, ഷെബിൻ ബെൻസൺ, ലെന, ശ്രിന്ദ, ജിനു ജോസഫ്, അനഘ, വീണ നന്ദകുമാർ, മാലാ പാർവതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ഏപ്രിൽ ഒന്നിന് ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ഒടിടിയിലും റിലീസ് ചെയ്യും.




Similar Posts