< Back
Entertainment
രാമനായി അവതരിച്ചു, പ്രഭാസിന് ഓമിന്റെ പിറന്നാൾ സമ്മാനം; ആദിപുരുഷ് പോസ്റ്റർ
Entertainment

'രാമനായി അവതരിച്ചു', പ്രഭാസിന് ഓമിന്റെ പിറന്നാൾ സമ്മാനം; ആദിപുരുഷ് പോസ്റ്റർ

Web Desk
|
24 Oct 2022 11:17 AM IST

ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്

തെന്നിന്ത്യൻ താരം പ്രഭാസിന്റെ പിറന്നാൾ ആഘോഷമാക്കി 'ആദിപുരുഷ്' ടീമും. പ്രഭാസിന് പിറന്നാൾ സമ്മാനമായി ചിത്രത്തിന്റെ സംവിധായകൻ ഓം റാവത്ത് ആദിപുരുഷിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. കയ്യിൽ അമ്പും വില്ലും ഏന്തി നിൽക്കുന്ന പ്രഭാസാണ് പോസ്റ്ററിലുള്ളത്. 'രാമനായി അവതരിച്ചു, മര്യാദ പുരുഷോത്തം പ്രഭു ശ്രീ റാം എന്ന അടിക്കുറിപ്പോടെയാണ്‌ സംവിധായകൻ ഓം റാവത്ത് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് ഒരുക്കുന്ന ചിത്രമാണ് ആദിപുരുഷ്. 500 കോടി രൂപയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. ചിത്രം അടുത്ത വർഷം ജനുവരി 12ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൽ ശ്രീരാമനായാണ് പ്രഭാസ് വേഷമിടുന്നത്. സീതയായി ബോളിവുഡ് നടി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിടുന്നു.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ വൻ ട്രോളുകളാണ് ഏറ്റുവാങ്ങിയത്. ചിത്രത്തിന്റെ വിഎഫ്എക്‌സിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. നിലവാരമില്ലാത്ത വി.എഫ്.എക്സ് ആണെന്നും കാര്‍ട്ടൂണ്‍ കാണുന്നത് പോലെയുണ്ടെന്നുമായിരുന്നു പ്രധാന വിമർശനം. എന്നാൽ, മൊബൈല്‍ സ്ക്രീനില്‍ കണ്ടതുകൊണ്ടാണ് അങ്ങനെ തോന്നുന്നതെന്നും വലിയ സ്ക്രീനിലേക്കായി നിര്‍മിച്ച 3ഡി സിനിമയാണിതെന്നുമായിരുന്നുസംവിധായകന്റെ വിശദീകരണം.

ഇതിനിടെ പ്രഭാസിന്റെ ജന്മദിനം ആഘോഷിക്കാൻ ആന്ധ്രയിലെ തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ചത് ദുരന്തമായി. ആന്ധ്രാപ്രദേശിലെ ​കിഴക്കൻ ഗോദാവരി ജില്ലയിലെ താഡപള്ളഗുഡെത്തെ തിയേറ്ററിലെ സീറ്റുകൾക്ക് തീപിടിച്ചു. പ്രഭാസിന്റെ സിനിമ 'ബില്ല'യുടെ പുനഃപ്രദർശനം നടക്കുന്നതിനിടെ ആവേശം മൂത്ത ആരാധകർ പടക്കം പൊട്ടിക്കുകയായിരുന്നു. തീ പടർന്നു പിടിച്ചതോടെ ആളുകൾ പരിഭ്രാന്തരായി പുറത്തേക്കോടി. ഭാഗ്യവശാൽ ആളപായമൊന്നും ഉണ്ടായില്ല.

Related Tags :
Similar Posts