< Back
Entertainment
മമ്മൂട്ടിയെ ആദരിച്ച് ബി.ജെ.പി; വീട്ടിലെത്തി പൊന്നാടയണിയിച്ച് കെ സുരേന്ദ്രന്‍
Entertainment

മമ്മൂട്ടിയെ ആദരിച്ച് ബി.ജെ.പി; വീട്ടിലെത്തി പൊന്നാടയണിയിച്ച് കെ സുരേന്ദ്രന്‍

ijas
|
12 Aug 2021 7:35 PM IST

ബിജെപി എറണാകുളം ജില്ലാ പ്രസിഡന്‍റിനും നേതാക്കള്‍ക്കുമൊപ്പമാണ് സുരേന്ദ്രന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയത്

അഭിനയ ജീവിതത്തിന്‍റെ അരനൂറ്റാണ്ട് പൂർത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആദരിച്ചു. വൈകിട്ട് അഞ്ച് മണിയോടെ മമ്മൂട്ടിയുടെ എറണാകുളത്തെ വീട്ടില്‍ ചെന്നാണ് കെ സുരേന്ദ്രന് പൊന്നാടയണിയിച്ചത്. കെ.സുരേന്ദ്രന്‍ മമ്മൂട്ടിക്ക് ഓണക്കോടിയും സമ്മാനിച്ചു. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്‍റിനും നേതാക്കള്‍ക്കുമൊപ്പമാണ് സുരേന്ദ്രന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. ഒരു മണിക്കൂറോളം ചെലവഴിച്ചാണ് സുരേന്ദ്രനും സംഘവും മമ്മൂട്ടിയുടെ വീട്ടില്‍ നിന്നും മടങ്ങിയത്. മെഗാസ്റ്റാറിനെ ആദരിച്ച വിവരം ബി.ജെ.പി അധ്യക്ഷന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

അതെ സമയം തന്നെ ആദരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പരിപാടി സാമ്പത്തിക ചെലവില്ലാതെ നടത്തണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു. സിനിമാസാംസ്കാരിക മന്ത്രി സജി ചെറിയാനാണ് മമ്മൂട്ടിയുടെ ആവശ്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്‍റെ സുവര്‍ണജൂബിലി ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താരത്തിന്‍റെ ഇടപെടല്‍. ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട 'അനുഭവങ്ങള്‍ പാളിച്ചകള്‍' റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്.

Similar Posts