< Back
Entertainment
താന്‍ മരിച്ചിട്ടില്ല, പൂര്‍ണ ആരോഗ്യവാന്‍: അഭ്യൂഹങ്ങള്‍ തള്ളി ശക്തിമാന്‍
Entertainment

"താന്‍ മരിച്ചിട്ടില്ല, പൂര്‍ണ ആരോഗ്യവാന്‍": അഭ്യൂഹങ്ങള്‍ തള്ളി ശക്തിമാന്‍

Web Desk
|
12 May 2021 3:21 PM IST

മുകേഷ് ഖന്ന മരണപ്പെട്ടുവെന്ന വാർത്തകൾ അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

താന്‍ മരണപ്പെട്ടുവെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ശക്തിമാൻ പരമ്പരയിലൂടെ ജനപ്രിയനായ നടന്‍ മുകേഷ് ഖന്ന. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലാണ് തനിക്ക് കുഴപ്പങ്ങളൊന്നുമില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞത്. മുകേഷ് ഖന്ന മരണപ്പെട്ടു എന്ന രീതിയിലുള്ള വാർത്തകൾ അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് നടന്‍റെ പ്രതികരണം.

"നിങ്ങളുടെ അനുഗ്രഹംകൊണ്ട് ഞാൻ പൂർണ ആരോഗ്യവാനാണ്, സുരക്ഷിതനാണ്. ഞാന്‍ കോവിഡ് ബാധിതല്ല. എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. ആരാണ് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതെന്ന് അറിയില്ല. അതിനുപിന്നിലെ ഉദ്ദേശ്യം എന്തെന്നും അറിയില്ല," അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും അവ പ്രചരിപ്പിക്കുന്നതും അതിരുവിട്ടിരിക്കുന്നു. ഇത് അവസാനിപ്പിക്കണമെന്നും മുകേഷ് ഖന്ന കൂട്ടിച്ചേര്‍ത്തു. ശക്തിമാനിലൂടെയും പിന്നീട് മാഹാഭാരതത്തിലെ ഭീഷ്മ എന്ന കഥാപാത്രത്തിലൂടെയുമാണ് മുകേഷ് ഖന്ന ശ്രദ്ധിക്കപ്പെടുന്നത്. രാജാധിരാജ എന്ന മമ്മൂട്ടിചിത്രത്തിലൂടെയും മുകേഷ് ഖന്ന മലയാളികള്‍ക്ക് സുപരിചിതനാണ്.

Similar Posts