< Back
Entertainment
ബി.ഉണ്ണികൃഷ്ണന് എന്നോട് വെറുപ്പ്, സിനിമാ റിവ്യൂ അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ വഴി പറഞ്ഞു; ഫെഫ്കയുടെ പരാതിയില്‍ യൂട്യൂബര്‍ അശ്വന്ത് കോക്ക്
Entertainment

'ബി.ഉണ്ണികൃഷ്ണന് എന്നോട് വെറുപ്പ്, സിനിമാ റിവ്യൂ അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ വഴി പറഞ്ഞു'; ഫെഫ്കയുടെ പരാതിയില്‍ യൂട്യൂബര്‍ അശ്വന്ത് കോക്ക്

Web Desk
|
2 Jan 2023 11:00 PM IST

'കാപ്പ' സിനിമ മോശമാണെന്ന് പറഞ്ഞതാണ് പുതിയ പരാതിക്ക് കാരണമെന്ന് യൂ ട്യൂബര്‍ അശ്വന്ത് കോക്ക്

കോഴിക്കോട്: റിലീസ് ദിവസം തന്നെ നെഗറ്റീവ് റിവ്യൂ നല്‍കിയതിന് മലയാള സിനിമാ സംവിധായകരുടെ സംഘടനയായ ഫെഫ്ക പരാതി നല്‍കിയെന്ന ഓണ്‍ലൈന്‍ വാര്‍ത്തയില്‍ പ്രതികരിച്ച് യൂ ട്യൂബര്‍ അശ്വന്ത് കോക്ക്. ആറാട്ടിന്‍റെ പരാജയത്തിന് ശേഷം ബി.ഉണ്ണികൃഷ്ണന് തന്നോട് വെറുപ്പ് തോന്നിയിരുന്നതായി അശ്വന്ത് പറഞ്ഞു. ആറാട്ടിന്‍റെ റിവ്യൂ ചെയ്തതാണ് ഈ വെറുപ്പിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

അതിന് ശേഷം ഉദയകൃഷ്ണ തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ സിനിമ ഇറങ്ങി. മോണ്‍സ്റ്ററിന്‍റെ റിവ്യൂവിന് വലിയ സ്വീകാര്യത കിട്ടി. ഫേസ്ബുക്കില്‍ നിന്നും റിവ്യൂ റിപ്പോര്‍ട്ട് ചെയ്തു കളഞ്ഞു. യൂട്യൂബില്‍ മാത്രമാണ് റിവ്യൂ നിലവിലുള്ളത്. ഉണ്ണികൃഷ്ണന്‍ എന്നുള്ളത് 'ഉക്രി' എന്ന് ഉപയോഗിച്ചത് ബി ഉണ്ണികൃഷ്ണനെ പ്രകോപിച്ചു. തുടര്‍ന്ന് തന്‍റെ നാട്ടിലെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ വഴി സിനിമാ റിവ്യൂ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ഹൈക്കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും അധ്യാപക ജോലിയിലായതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കുമെന്നും പറഞ്ഞു. എന്നാല്‍ അഭിപ്രായ സ്വാതന്ത്രൃത്തിന്‍റെ കാര്യമായതിനാല്‍ കേസ് കൊടുത്തോട്ടെയെന്ന് മറുപടി നല്‍കി. വലിയ അസഹിഷ്ണുതയുള്ള ആളാണ് ബി. ഉണ്ണികൃഷ്ണന്‍. ഏകാധിപത്യ സ്വഭാവത്തില്‍ തനിക്കെതിരെ ആരും മിണ്ടാന്‍ പാടില്ലായെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നതെന്നും അശ്വന്ത് കോക്ക് പറയുന്നു.

ബി. ഉണ്ണികൃഷ്ണന്‍, സിബി മലയില്‍, ലാല്‍ ജോസ്, റോഷന്‍ ആന്‍ഡ്രൂസ്, നാദിര്‍ഷ എന്നിവരും സമാന സ്വഭാവത്തില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സംവിധായകരാണെന്നും അശ്വന്ത് പറയുന്നു. ഇവരുടെ സിനിമ മോശമാവുന്നത് റിവ്യൂ കാരണമല്ല, അതിന്‍റെ ഉള്ളടക്കം മോശമായത് കൊണ്ടാണ്. കഴിഞ്ഞ വര്‍ഷം വലിയ ഹിറ്റായ ഭീഷ്മപര്‍വ്വം ഞാന്‍ മോശം റിവ്യൂ പറഞ്ഞ സിനിമയാണ്. അമല്‍ നീരദ്, ലിജോ ജോസ് പെല്ലിശ്ശേരി അടക്കമുള്ള യുവതലമുറയില്‍പ്പെട്ട സംവിധായകര്‍ വളരെ ജനാധിപത്യപരമായാണ് സിനിമാ റിവ്യൂകളെ കാണുന്നതെന്നും അശ്വന്ത് കോക്ക് പറഞ്ഞു. പഴയ മാടമ്പിത്തരം വെച്ച് പുതിയ തലമുറയിലെ മീഡിയ സംസ്കാരത്തെ എതിര്‍ത്ത് തോല്‍പ്പിക്കാമെന്നത് ദാരുണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെഫ്ക നിര്‍മിച്ച കാപ്പ എന്ന സിനിമയ്ക്ക് മോശം റിവ്യൂ പറഞ്ഞതാണ് ഇപ്പോഴത്തെ പരാതിക്ക് പിന്നിലെന്നും എല്ലാത്തിനെയും നിയമപരമായി നേരിടുമെന്നും അശ്വന്ത് കോക്ക് പറഞ്ഞു.

Similar Posts