< Back
Entertainment
96 C Premkumar
Entertainment

'റാമായി അഭിഷേക് ബച്ചനായിരുന്നു മനസിൽ, 96 ഹിന്ദിയിലെടുക്കാനായിരുന്നു ആഗ്രഹം'; സംവിധായകൻ സി.പ്രേംകുമാര്‍

Web Desk
|
10 July 2025 1:48 PM IST

ഇപ്പോൾ ഹിന്ദി സിനിമക്ക് വേണ്ടി ഒരു കഥ എഴുതിയിട്ടുണ്ട്

ഡൽഹി: ഹിന്ദി സിനിമയിലെ പ്രമേയ ദാരിദ്ര്യത്തെക്കുറിച്ചും നിലവാരമില്ലായ്മയെക്കുറിച്ചും അടുത്തിടെയായി ധാരാളം ചര്‍ച്ചകൾ നടക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സിനിമകളുമായി താരതമ്യം ചെയ്താണ് ഈ ചര്‍ച്ചകൾ ഭൂരിഭാഗവും. എന്നാൽ പല പ്രമുഖരും ഇതിനെ എതിര്‍ത്തിരുന്നു. ബോളിവുഡ് സിനിമകളുടെ നിലവാരം കുറയുന്നില്ലെന്ന് 96, മെയ്യഴകൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സി. പ്രേംകുമാറും അഭിപ്രായപ്പെട്ടു. ഈ വർഷം ആദ്യം ദി ഇന്ത്യൻ സ്‌ക്രീൻറൈറ്റേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ഒരു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രേംകുമാർ.

ഹിന്ദി സിനിമ ഇപ്പോഴും നിലവാരമുള്ള സിനിമകൾ നിർമിക്കുന്നതിന്‍റെ ഉദാഹരണമായി, ഇംതിയാസ് അലിയുടെ 2024-ൽ പുറത്തിറങ്ങിയ 'അമർ സിംഗ് ചംകില' എന്ന ചിത്രത്തെ പ്രേംകുമാർ സൂചിപ്പിച്ചു. ദിൽജിത് ദോസഞ്ജ് പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമായിരുന്നു അത്."ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്" എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. ദംഗൽ എല്ലായ്‌പ്പോഴും ഒരു വലിയ പ്രചോദനമായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു. ഞാൻ ഒരു സിനിമ ചെയ്യാൻ പോകുമ്പോഴെല്ലാം അത് കാണാറുണ്ട്." എന്നിരുന്നാലും, ആഴത്തിലുള്ള സിനിമകളുടെ അഭാവമാണ് സിനിമാ വ്യവസായത്തിന്‍റെ പോരായ്മയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''96 ആദ്യം ഹിന്ദിയിലെടുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. അഭിഷേക് ബച്ചനായിരുന്നു മനസിൽ. പക്ഷെ എനിക്ക് ബന്ധങ്ങളുണ്ടായിരുന്നില്ല. അതിലേക്ക് എങ്ങനെ എത്തിച്ചേരുമെന്നും അറിയുമായിരുന്നില്ല. പക്ഷെ എന്‍റെ സുഹൃത്ത് വിജയ് സേതുപതി കാരണം അത് തമിഴിൽ ചെയ്യാൻ സാധിച്ചു. ഇപ്പോൾ ഹിന്ദി സിനിമക്ക് വേണ്ടി ഒരു കഥ എഴുതിയിട്ടുണ്ട്'' പ്രേംകുമാര്‍ പറഞ്ഞു. 96 ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ നിര്‍മാതാവിനെ കിട്ടിയാൽ ചെയ്യുമോ എന്ന ഫിലിം ജേര്‍ണലിസ്റ്റ് സുചിൻ മെഹ്‌റോത്രയുടെ ചോദ്യത്തിന് 96ഉം മെയ്യഴകനും റീമേക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്നായിരുന്നു പ്രേംകുമാറിന്‍റെ മറുപടി. ഇതുവരെ നടത്തിയ ഏറ്റവും മനോഹരമായ അഭിമുഖങ്ങളിലൊന്ന് അടിക്കുറിപ്പോടെ ഇതിന്‍റെ വീഡിയോ സുചിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

അടുത്തിടെ, ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആമിർ ഖാൻ ഹിന്ദി സിനിമകളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആരോപണങ്ങൾ തള്ളിക്കളഞ്ഞിരുന്നു. മറ്റ് ഇന്ത്യൻ സിനിമാ ഇൻഡസ്ട്രികളെപ്പോലെ ഹിന്ദി സിനിമാ വ്യവസായവും മികച്ചതാണെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു.

View this post on Instagram

A post shared by Suchin Mehrotra (@suchin545)

Similar Posts