
ക്രിസന്‍ പെരേര
ട്രോഫിയില്‍ മയക്കുമരുന്ന് വെച്ച് കുടുക്കി; നടി ക്രിസന്‍ പെരേര ജയില്‍മോചിതയായി
|നടിയുടെ കൈവശമുണ്ടായിരുന്ന ട്രോഫിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഈ മാസം ആദ്യം ഷാർജയിൽ വെച്ച് അറസ്റ്റ് ചെയ്തത്
മുംബൈ: മയക്കുമരുന്ന് കൈവശം വച്ചെന്ന കേസില്‍ ഷാര്‍ജയില്‍ അറസ്റ്റിലായ നടി ക്രിസന്‍ പെരേര ജയില്‍മോചിതയായി. ക്രിസനെ ഉടന്‍ തന്നെ ഇന്ത്യയിലേക്ക് തിരിച്ചയക്കും. കഴിഞ്ഞ ദിവസമാണ് നടി പുറത്തിറങ്ങിയത്. നടിയുടെ കൈവശമുണ്ടായിരുന്ന ട്രോഫിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഈ മാസം ആദ്യം ഷാർജയിൽ വെച്ച് അറസ്റ്റ് ചെയ്തത്.
ഷാർജ ജയിലിൽ നിന്ന് മോചിതയായതിന് ശേഷം വീഡിയോ കോളിൽ ക്രിസന്‍ കുടുംബത്തോട് സംസാരിക്കുന്ന വീഡിയോ ക്രിസന്റെ സഹോദരൻ കെവിൻ പെരേര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. "ക്രിസാൻ സ്വതന്ത്രയാണ്!!! അടുത്ത 48 മണിക്കൂറിനുള്ളിൽ അവൾ ഇന്ത്യയിലെത്തും," കെവിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. അമ്മയും മറ്റ് കുടുംബാംഗങ്ങളും തന്നോട് സംസാരിക്കുമ്പോൾ താരം കരയുന്നതും വീഡിയോയിൽ കാണാം.
സഡക് 2, ബട്‌ല ഹൗസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ക്രിസന്‍. ക്രിസനെ മയക്കുമരുന്ന് കടത്തുകേസിൽ കുടുക്കിയ രണ്ടുപേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മുംബൈയിലെ ബോറിവാളി സ്വദേശി ആന്തണി പോൾ, ഇയാളുടെ കൂട്ടാളി മഹാരാഷ്ട്രയിലെ സിന്ദുദുർഗ് സ്വദേശിയായ രാജേഷ് ബബോട്ടെ എന്ന രവി എന്നിവരാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ദുബൈയിലേക്ക് പോയ ക്രിസനിനെ മയക്കുമരുന്ന് നിറച്ച ട്രോഫി കൈമാറിയാണ് സംഘം കുരുക്കിയത്.
ഏപ്രിൽ ഒന്നിനാണ് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ക്രിസൻ പെരേരയെ കസ്റ്റംസ് സംഘം പിടികൂടുന്നത്. നടിയുടെ കൈവശമുണ്ടായിരുന്ന ട്രോഫിക്കകത്ത് മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. ഒരു അന്താരാഷ്ട്ര വെബ്‌സീരീസിൽ അവസരമുണ്ടെന്നു പറഞ്ഞാണ് പ്രതികൾ നടിയെ ദുബൈയിലേക്ക് അയയ്ക്കുന്നത്. ഓഡിഷൻ ദുബൈയിലാണ് നടക്കുന്നതെന്നാണ് പറഞ്ഞിരുന്നത്.
നേരത്തെ ക്രിസൻ പെരേരയുടെ അമ്മയുടെ ഫോണിൽ ബന്ധപ്പെട്ടാണ് മകൾക്ക് മികച്ചൊരു അവസരമുണ്ടെന്നു പറഞ്ഞ് പ്രതികളിൽ ഒരാൾ വിളിക്കുന്നത്. പിന്നീട് ഇവരെ ക്രിസൻ ബന്ധപ്പെടുകയും പലതവണ മുംബൈയിൽ വച്ച് നേരിൽകാണുകയും ചെയ്തു. ദുബൈയിലേക്ക് തിരിക്കുന്നതിന്റെ തലേന്നാൾ മുംബൈയിലെ ഒരു ഹോട്ടലിൽ വച്ച് ഇവർ വീണ്ടും കണ്ടു. ദുബൈയിൽ ഒരാൾക്കു നൽകണമെന്ന് ആവശ്യപ്പെട്ട് ട്രോഫി നടിയെ ഏൽപിക്കുകയും ചെയ്തു. ഷാർജ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് ഇതു തനിക്കുള്ള കുരുക്കായിരുന്നുവെന്ന് നടി തിരിച്ചറിയുന്നത്.
