Entertainment
800 കോടി ബജറ്റിൽ നിര്‍മിച്ച് ബോക്സോഫീസിൽ മൂക്കുംകുത്തി വീണ ചിത്രം 30 വര്‍ഷങ്ങൾക്ക് ശേഷം ഒടിടിയിൽ; കയ്യടി നേടി കട്ട്ത്രോട്ട് ഐലന്‍റ്
Entertainment

800 കോടി ബജറ്റിൽ നിര്‍മിച്ച് ബോക്സോഫീസിൽ മൂക്കുംകുത്തി വീണ ചിത്രം 30 വര്‍ഷങ്ങൾക്ക് ശേഷം ഒടിടിയിൽ; കയ്യടി നേടി കട്ട്ത്രോട്ട് ഐലന്‍റ്

Web Desk
|
26 Aug 2025 2:57 PM IST

1995ലാണ് അഡ്വഞ്ചര്‍ ഡ്രാമാ വിഭാഗത്തിൽ പെടുന്ന ചിത്രം റിലീസ് ചെയ്യുന്നത്

ലോസ്ഏഞ്ചൽസ്: സിനിമയിൽ ജയപരാജയങ്ങൾ സര്‍വസാധാരണമാണ്. കോടിക്കണക്കിന് ബജറ്റിലൊരുക്കി ഏറെ പ്രതീക്ഷയോടെ എത്തുന്ന ചിത്രത്തിന് ബോക്സോഫീസിൽ മൂക്കുംകുത്തി വീഴാനായിരിക്കും വിധി. അതുപോലെ റിലീസ് സമയത്ത് എട്ടുനിലയിൽ പൊട്ടിയ ചിത്രമായിരിക്കും വര്‍ഷങ്ങൾക്ക് ശേഷം ആരാധകരെ നേടുന്നത്. 1995ൽ പുറത്തിറങ്ങി ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് ദുരന്തമായ മാറിയ 'കട്ട്ത്രോട്ട് ഐലന്‍റ്' വര്‍ഷങ്ങൾക്ക് ശേഷം ആരാധകരെ നേടിയിരിക്കുകയാണ്.

2012 വരെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ബോംബായി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ ചിത്രം 30 വര്‍ഷങ്ങൾക്ക് ശേഷം ഒടിടിയിലെത്തിയാണ് കയ്യടി നേടുന്നത്. 1995ലാണ് അഡ്വഞ്ചര്‍ ഡ്രാമാ വിഭാഗത്തിൽ പെടുന്ന ചിത്രം റിലീസ് ചെയ്യുന്നത്. റെന്നി ഹാർലിൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഗീന ഡേവിസ്, മാത്യു മോഡിൻ, ഫ്രാങ്ക് ലാംഗല്ല, മൗറി ചായ്കിൻ, സ്റ്റാൻ ഷാ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിധി വേട്ടയായിരുന്നു ചിത്രത്തിന്‍റെ പ്രമേയം.

ഫോർബ്‌സിന്‍റെ കണക്കനുസരിച്ച്, 100 മില്യൺ ഡോളറിന്‍റെ (ഇന്നത്തെ കണക്കിൽ 800 കോടിയിലധികം രൂപ) വമ്പൻ ബജറ്റിലാണ് ഈ ചിത്രം നിർമിച്ചത്.പ്രതീക്ഷകൾ വാനോളമായിരുന്നു. എന്നിട്ടും ബോക്സ് ഓഫീസിൽ 10 മില്യൺ ഡോളർ പോലും തിരിച്ചുപിടിക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല.ചിത്രം പരാജയപ്പെട്ടുവെന്ന് മാത്രമല്ല, നിര്‍മാതാക്കളായ കരോൾകോ പിക്ചേഴ്സിന്റെ പ്രൊഡക്ഷൻ സ്റ്റുഡിയോ അടച്ചുപൂട്ടാനും നിര്‍ബന്ധിതമായി. ഒരുകാലത്ത് ഹോളിവുഡിൽ നിറഞ്ഞുനിന്നിരുന്ന സ്റ്റുഡിയോ കടക്കെണിയിൽ മുങ്ങിയതിനെത്തുടർന്ന് പൂട്ടുകയായിരുന്നു.

മോശം മാർക്കറ്റിംഗ്, മോശം നിരൂപണം, പൈറേറ്റ് പ്രമേയമുള്ള സാഹസികതകൾ പ്രേക്ഷകർ ഇഷ്ടപ്പെടുന്നില്ല എന്നതുൾപ്പെടെ നിരവധി കാരണങ്ങൾ ചിത്രത്തിന്‍റെ തകർച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗംഭീരമായ സെറ്റിലൊരുക്കിയ ചിത്രമായിട്ടും മുൻനിര താരങ്ങളുടെ അഭാവവും ദുർബലമായ തിരക്കഥയും കാരണം പ്രേക്ഷകരെ ആകർഷിക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല.

എന്നാൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ആരാധകരെ കണ്ടെത്തിയിരിക്കുകയാണ് കട്ട്ത്രോട്ട് ഐലന്‍റ്. ഒടിടി പ്രേക്ഷകർ, പ്രത്യേകിച്ച് റെട്രോ സാഹസിക സിനിമകൾ ഇഷ്ടപ്പെടുന്നവർ, ഇതിനെ ഒരു അണ്ടർറേറ്റഡ് കൾട്ട് വാച്ചായി കാണാൻ തുടങ്ങിയിരിക്കുന്നു.ഒരുകാലത്ത് ഒരു സ്റ്റുഡിയോയെ മുഴുവൻ തകർത്തുകളഞ്ഞ ഒരു സിനിമ ഇപ്പോൾ അതിന്റെ ആകർഷണീയതയും ഗൃഹാതുരത്വവും കൊണ്ട് വീണ്ടും പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്.

Similar Posts