< Back
Entertainment
അമ്പരപ്പിച്ച് ധനുഷ്; നിറയെ നിഗൂഢതകളുമായി നാനേ വരുവേന്‍ ടീസറെത്തി
Entertainment

അമ്പരപ്പിച്ച് ധനുഷ്; നിറയെ നിഗൂഢതകളുമായി നാനേ വരുവേന്‍ ടീസറെത്തി

Web Desk
|
15 Sept 2022 10:02 PM IST

സെപ്തംബര്‍ 30ന് സിനിമ തിയേറ്ററുകളിലെത്തും.

സിനിമാസ്വാദകര്‍ കാത്തുകാത്തിരുന്ന ധനുഷ് ചിത്രം നാനേ വരുവേന്‍റെ ടീസറെത്തി. ധനുഷിന്റെ സഹോദരൻ സെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിറയെ നി​ഗൂഢതകളും സസ്പെന്‍സുമുള്ള ടീസറാണ് പുറത്തുവന്നത്. ഇരട്ട വേഷത്തില്‍ ധനുഷ് തകര്‍ത്തഭിനയിക്കുന്നത് ടീസറില്‍ കാണാം. തികച്ചും വ്യത്യസ്തമായ ശരീരഭാഷയും സ്വഭാവ സവിശേഷതകളുമുള്ള രണ്ട് കഥാപാത്രങ്ങളായാണ് ധനുഷ് എത്തുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

ഒരു ആക്ഷന്‍, ഇമോഷണല്‍ ഡ്രാമയാണ് ചിത്രമെന്നാണ് ടീസറിലെ കളര്‍ടോണില്‍ നിന്നും സംഗീതത്തില്‍ നിന്നുമെല്ലാം വ്യക്തമാകുന്നത്. ഇന്ദുജയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം ചെയ്തത്. യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മിച്ചത്. സെപ്തംബര്‍ 30ന് സിനിമ തിയേറ്ററുകളിലെത്തും.

സെല്‍വരാഘവനും ധനുഷും ഒന്നിച്ചപ്പോഴെല്ലാം വ്യത്യസ്തതകളുള്ള ചിത്രങ്ങളാണ് പിറന്നത്. ആ പ്രതീക്ഷയോടെയാണ് നാനേ വരുവേനിന് വേണ്ടിയും ആസ്വാദകര്‍ കാത്തിരിക്കുന്നത്. തുള്ളുവതോ ഇളമൈ, കാതല്‍ കൊണ്ടേന്‍, പുതുപേട്ടൈ, യാരടി നീ മോഹിനി, മയക്കം തുടങ്ങിയ ചിത്രങ്ങളാണ് ഇവരുടെ കൂട്ടുക്കെട്ടില്‍ നേരത്തെ പുറത്തുവന്നത്.

നാനേ വരുവേന്‍ കേരളത്തിൽ എത്തിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിമാസ് ആണ്. തിരുചിത്രമ്പലമാണ് ധനുഷിന്‍റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Similar Posts