< Back
Entertainment
Dileep

ദിലീപ്

Entertainment

ഞാൻ അഭിനയിക്കണ്ടെന്ന് ആഗ്രഹിക്കുന്ന കുറച്ചാളുകളുണ്ട്: ദിലീപ്

Web Desk
|
10 July 2023 1:16 PM IST

വോയിസ് ഓഫ് സത്യനാഥൻ സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി താരങ്ങളും അണിയറ പ്രവർത്തകരും മാധ്യമങ്ങളെ കണ്ടുമുട്ടിയപ്പോഴാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍

റാഫിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായ 'വോയ്സ് ഓഫ് സത്യനാഥന്‍' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന് ഈയിടെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഇപ്പോള്‍ തന്‍റെ പുതിയ സിനിമ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ദീലിപ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്. വോയിസ് ഓഫ് സത്യനാഥൻ സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി താരങ്ങളും അണിയറ പ്രവർത്തകരും മാധ്യമങ്ങളെ കണ്ടുമുട്ടിയപ്പോഴാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍.

തന്നെ കുറിച്ചും വീട്ടുകാരെ കുറിച്ചുള്ള വാർത്തകളും ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നത് കൊണ്ട് പി ആർ വർക്കുകൾ കുറവാണെന്ന് ദിലീപ് പറഞ്ഞു. 'കഴിഞ്ഞ കുറേ വർഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുകയാണ്, ഈ സിനിമ എന്തൊക്കെ ഫേസ് ചെയ്യണമെന്ന് കണ്ടറിയണമെന്ന് ' ദിലീപ് പറഞ്ഞു. 'ഈ സിനിമയെ ആക്ഷേപിക്കാനും കല്ലെറിയാനും ഒരുപാട് ആൾക്കാരുണ്ടാകും. പക്ഷേ, വരാതിരിക്കാൻ പറ്റില്ലല്ലോ. നിങ്ങൾക്ക് ഞങ്ങളെ സപ്പോർട്ട് ചെയ്യാം, അതുകൊണ്ടാണല്ലോ, നിങ്ങളോടൊക്കെ വരാൻ പറഞ്ഞത്. നമുക്ക് സംസാരിക്കാനുണ്ട്. ഞാൻ അഭിനയിക്കണ്ട എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകളുണ്ട്. ഞാൻ ജോലി ചെയ്യാൻ പാടില്ല എന്നുള്ള ആൾക്കാരുണ്ട്. എന്നാൽ എന്നെ കാത്തിരിക്കുന്ന ഒരുപാട് ആളുകളുണ്ട്'.

'അതുകൊണ്ടാണ് ഞാൻ ജോലി ചെയ്യാൻ ഇറങ്ങുന്നത്. ഇനിയെങ്കിലും നിങ്ങളുടെ സപ്പോർട്ടാണ് എനിക്ക് ആവശ്യം, കാരണം കഴിഞ്ഞത് കഴിഞ്ഞു, ഇനി വരുന്നതിനെ കുറിച്ച് സംസാരിക്കാം എന്നേ എനിക്ക് പറയാൻ പറ്റുകയുള്ളൂ'- ദിലീപ് പറഞ്ഞു. താനും തന്റെ സിനിമയും വലിയ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നാണ് ദിലീപ് പറയുന്നത്.

നല്ല സിനിമകൾ കൊടുത്താൽ കാണാൻ ആളുണ്ട് എന്നതിന് തെളിവാണ് 2018. ജനങ്ങൾക്ക് വേണ്ട സിനിമകൾ സൃഷ്ടിക്കുക എന്നതാണ് താൻ അടക്കമുള്ള സിനിമക്കാരുടെ ഉത്തരവാദിത്തമെന്നും ദിലീപ് പറഞ്ഞു. ജൂലൈ 14നാണ് 'വോയ്സ് ഓഫ് സത്യനാഥന്‍' തിയറ്ററുകളിലെത്തുന്നത്. ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വീണ നന്ദകുമാറാണ് നായിക. അനുപം ഖേര്‍,ജഗപതി ബാബു, മകരന്ദ് ദേശ്‍പാണ്ഡെ,വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംഗീതം-അങ്കിത് മേനോന്‍, എഡിറ്റിംഗ്-ഷമീര്‍ മുഹമ്മദ്, ക്യാമറ-സ്വരൂപ് ഫിലിപ്പ്,ജിതിന്‍ സ്റ്റാന്‍സലോസ്.



Similar Posts