< Back
Entertainment
സ്ത്രീപീഡകന് അവസരം നൽകി; വേടനെ തമിഴിൽ പാടിപ്പിച്ച മാരി സെൽവരാജിനെതിരെ സൈബർ ആക്രമണം
Entertainment

'സ്ത്രീപീഡകന് അവസരം നൽകി'; വേടനെ തമിഴിൽ പാടിപ്പിച്ച മാരി സെൽവരാജിനെതിരെ സൈബർ ആക്രമണം

Web Desk
|
18 Sept 2025 1:09 PM IST

സെൽവരാജും തമിഴ് റാപ്പർ അറിവും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്

ചെന്നൈ: റാപ്പര്‍ വേടനുമായി സഹകരിച്ചതിൽ തമിഴ് സംവിധായകൻ മാരി സെൽവരാജിനെതിരെ സൈബര്‍ ആക്രമണം. സെൽവരാജിന്‍റെ 'ബൈസൺ' എന്ന ചിത്രത്തിൽ വേടന്‍റെ പാട്ട് ഉൾപ്പെടുത്തിയതാണ് വിവാദമായത്. നടൻ ധ്രുവ് വിക്രം നായകനാകുന്ന ചിത്രത്തിൽ ‘റെക്ക റെക്ക’ എന്ന ഗാനമാണ് വേടൻ പാടിയിരിക്കുന്നത്. സെൽവരാജും തമിഴ് റാപ്പർ അറിവും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. വേടനൊപ്പം അറിവും പാടിയിട്ടുണ്ട്.


വേടനെതിരെ നിരവധി ലൈംഗിക പീഡന പരാതികൾ നിലവിലുള്ള സാഹചര്യത്തിൽ അദ്ദേഹവുമായി സംവിധായകൻ സഹകരിച്ചത് വേദനയുണ്ടാക്കുന്നുവെന്നായിരുന്നു വിമര്‍ശനം. ചൊവ്വാഴ്ചയാണ് റെക്ക റെക്ക ഗാനം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറക്കിയത്. ഒക്ടോബര്‍ 17നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

മാരി സെൽവരാജിനെ മാത്രമല്ല, ലൈംഗിക ദുരുപയോഗ ആരോപണം നേരിടുന്ന നടൻ ജോൺ വിജയ്‌ക്കൊപ്പം പ്രവർത്തിച്ചതിന് സംവിധായകൻ പാ രഞ്ജിത്തിനെയും നെറ്റിസൺസ് വിമര്‍ശിച്ചു. "പാ രഞ്ജിത്തും മാരി സെൽവരാജും ജോൺ വിജയ്, വേടൻ തുടങ്ങിയ കലാകാരൻമാരുമായി സഹകരിക്കുന്നത് തുടരുന്നു. അവർ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനം ഉണ്ടായിരുന്നിട്ടും അവർ പോരാടുന്ന അതേ ശത്രുക്കളുമായി ഒരുമിക്കുന്നത്. ഇത് അസ്വീകാര്യമാണ് " ഒരാൾ കുറിച്ചു. വേടനെപ്പോലുള്ള വേട്ടക്കാരുമായി മാരി സെൽവരാജ് പ്രവര്‍ത്തിക്കുന്നത് അത്യന്തം നിരാശാജനകമാണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.


ഗവേഷക വിദ്യാർഥിയുടെ ലൈംഗികാതിക്രമ പരാതിയിൽ ഈയിടെ വേടൻ റണാകുളം സെൻട്രൽ സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. യുവ ഗായിക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നിലവിലെ കേസ്. 2020 ൽ കൊച്ചിയിലെ ഫ്ലാറ്റിൽ വിളിച്ചു വരുത്തി അപമാനിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. അതേസമയം ലൈംഗിക ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് വേടന്‍റെ പ്രതികരണം. കേസ് നിലനിൽക്കുന്നതിനാൽ കൂടുതൽ പറയാനാവില്ല, പിന്നീട് കാര്യങ്ങൾ വിശദീകരിക്കുമെന്നും വേടൻ വ്യക്തമാക്കിയിരുന്നു.






Similar Posts