Entertainment
Director Rahul Dholakia asks Can we invite Pakistani actors?, Rahul Dholakia, Raees movie director, Pakistan cricket team in India
Entertainment

'ഇനി പാക് ചലച്ചിത്ര താരങ്ങളെയും ഇവിടെ കൊണ്ടുവരാമോ?'; ചോദ്യവുമായി സംവിധായകൻ രാഹുൽ ധോലാകിയ

Web Desk
|
29 Sept 2023 5:18 PM IST

ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം ഏകദിന ലോകകപ്പിനായി പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ ചോദ്യം

മുംബൈ: ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ദിവസം പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തിയിരുന്നു. ഏകദിന ലോകകപ്പിനു വേണ്ടിയാണ് പാക് ടീമിന്റെ സന്ദർശനം. ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ ബോളിവുഡ് സംവിധായകൻ രാഹുൽ ധോലാകിയ. ഇനി പാക് ചലച്ചിത്ര താരങ്ങളെ നമ്മുടെ ചിത്രങ്ങളിൽ അഭിനയിപ്പിക്കാൻ പറ്റുമോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.

'എക്‌സി'ലാണ് രാഹുലിന്റെ പ്രതികരണം. 'പാകിസ്താൻ ക്രിക്കറ്റ് താരങ്ങളിൽ ഔദ്യോഗികമായി ഇപ്പോൾ ഇന്ത്യയിലെത്തിയിരിക്കുകയാണ്. പാകിസ്താൻ നടന്മാരെയും ഇനി നമ്മുടെ സിനിമകളിൽ അഭിനയിപ്പിക്കാൻ പറ്റുമോ? സംഗീതജ്ഞരെ വച്ച് ഇവിടെ പരിപാടി അവതരിപ്പിക്കാൻ സാധിക്കുമോ?'-രാഹുൽ ധോലാകിയ ചോദിച്ചു.

'റഈസ്' എന്ന ഷാരൂഖ് ഖാൻ ചിത്രത്തിന്റെ സംവിധായകനായാണ് രാഹുൽ ധോലാകിയ ശ്രദ്ധ നേടുന്നത്. 2017ൽ റിലീസ് ചെയ്ത ചിത്രത്തിലൂടെയാണ് പാക് നടി മഹിറ ഖാൻ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ, 'റഈസ്' പ്രമോഷൻ പരിപാടികൾക്കായി ഇവിടെയെത്താൻ മഹിറയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല. ഉറി ഭീകരാക്രമണത്തെ തുടർന്ന് പാക് കലാകാരന്മാർക്ക് വിലക്കേർപ്പെടുത്തിയതാണു നടിക്കും തിരിച്ചടിയായത്.

അതേസമയം, നായകൻ ബാബർ അസമിന്റെ നേതൃത്വത്തിലെത്തിയ പാക് ക്രിക്കറ്റ് ടീമിന് ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ വരവേൽപ്പാണു ലഭിച്ചത്. താരങ്ങളുടെ വരവറിഞ്ഞ് നൂറുകണക്കിന് ക്രിക്കറ്റ് ആരാധകരും ഉദ്യോഗസ്ഥരും ഇവിടെ തടിച്ചുകൂടിയിരുന്നു. സ്വീകരണത്തിൽ ബാബറും ഷഹിൻഷാ അഫ്രീദി ഉൾപ്പെടെയുള്ള താരങ്ങളും സോഷ്യൽ മീഡിയയിലൂടെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

Summary: 'Raees' director Rahul Dholakia asks, 'Can we invite Pakistani actors?' as Pak cricketers arrive in India

Similar Posts