< Back
Entertainment
നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിഷേധ യോഗത്തിലേക്ക് വിളിച്ചിട്ടും ആഷിഖും റിമയും വന്നില്ല: രഞ്ജിത്
Entertainment

നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിഷേധ യോഗത്തിലേക്ക് വിളിച്ചിട്ടും ആഷിഖും റിമയും വന്നില്ല: രഞ്ജിത്

Web Desk
|
17 July 2022 11:19 AM IST

'അമ്മയുടെ നേതാക്കളായ മമ്മൂട്ടിയോടും ഇന്നസെന്‍റിനോടും പബ്ലിക്കിന്‍റെ മുന്നിലേക്ക് ഇറങ്ങി നിന്ന് പിന്തുണ പ്രഖ്യാപിക്കണമെന്ന് പറഞ്ഞു. ഇവരെന്നോട് ചോദിച്ചത് പ്രസ് റിലീസ് കൊടുത്താല്‍ പോരേ എന്നാണ്'

കൊച്ചി: നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിഷേധ യോഗത്തിലേക്ക് സംവിധായകന്‍ ആഷിഖ് അബുവും നടി റിമ കല്ലിങ്കലും വന്നില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്. അങ്ങനെയൊരു യോഗം നടത്താന്‍ മമ്മൂട്ടിയോടും ഇന്നസെന്റിനോടും താനാണ് പറഞ്ഞത്. ഓരോരുത്തരെയും ക്ഷണിച്ചതും താനും രഞ്ജി പണിക്കരും ചേര്‍ന്നാണ്. യോഗത്തിലേക്ക് വിളിച്ചിട്ടും ആഷിഖും റിമയും എന്തോ കാരണം പറഞ്ഞ് ഒഴിഞ്ഞെന്നും രഞ്ജിത് മീഡിയവൺ എഡിറ്റോറിയലിൽ പറഞ്ഞു.

"ഈ സംഭവം നടന്നപ്പോള്‍ ഞാന്‍ അമ്മയുടെ നേതാക്കളായ മമ്മൂട്ടിയോടും ഇന്നസെന്‍റിനോടും പബ്ലിക്കിന്‍റെ മുന്നിലേക്ക് ഇറങ്ങി നിന്ന് പിന്തുണ പ്രഖ്യാപിക്കണമെന്ന് പറഞ്ഞു. ഇവരെന്നോട് ചോദിച്ചത് പ്രസ് റിലീസ് കൊടുത്താല്‍ പോരേ എന്നാണ്. പ്രസ് റിലീസൊക്കെ കീറി എറിഞ്ഞാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ടിലേക്ക് ഞാനും രഞ്ജി പണിക്കരും ചേര്‍ന്ന് വിളിച്ചുവരുത്തിയതാണ് എല്ലാവരേയും. അതിനകത്ത് മറ്റൊരു നടിയായ പെണ്‍കുട്ടി പറഞ്ഞു, ഇതില്‍ ഗൂഢാലോചനയുണ്ടെന്ന്. അന്ന് ഞാന്‍ ആദ്യം വിളിച്ചവരുടെ കൂട്ടത്തില്‍പ്പെട്ടവരാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും. അവരെന്തോ ന്യായം പറഞ്ഞ് വന്നില്ല. ഇതില്‍ കൂടുതല്‍ തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കാനൊന്നും എനിക്ക് വയ്യ"

'ഇപ്പോള്‍ ദിലീപിന്‍റെ പേര് വെട്ടില്ല'

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നും രഞ്ജിത് പറഞ്ഞു. കുറ്റവാളിയെന്ന് കോടതി വിധിച്ചാല്‍ മനസ്സില്‍ നിന്ന് വേദനയോടെ ദിലീപിനെ വെട്ടും. ഇപ്പോള്‍ അത് ചെയ്യില്ലെന്നും രഞ്ജിത് വ്യക്തമാക്കി.

ഫിയോക് വേദിയില്‍ ദിലീപിനെ കണ്ടത് അപ്രതീക്ഷിതമായാണ്. സംഘടനാ ചെയര്‍മാന്‍ ആണെന്ന് അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിലും ഫിയോക്കിന്റെ സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കുമായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു.

Similar Posts