< Back
Entertainment
ദിലീപുമൊത്ത് അഭിനയിക്കാൻ പ്രശ്‌നമില്ല, അതിജീവിത പ്രചോദനം: ദുർഗ കൃഷ്ണ
Entertainment

ദിലീപുമൊത്ത് അഭിനയിക്കാൻ പ്രശ്‌നമില്ല, 'അതിജീവിത' പ്രചോദനം: ദുർഗ കൃഷ്ണ

Web Desk
|
24 May 2022 11:58 AM IST

'സിനിമയിലെ രംഗങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ മുഴുവന്‍ നേരിടേണ്ടി വരുന്നത് സ്ത്രീകളാണ്'

കൊച്ചി: ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ എല്ലാവരും സ്ത്രീകളെയാണ് കുറ്റപ്പെടുത്തുന്നതെന്ന് നടി ദുർഗ കൃഷ്ണ. ഇത്തരം വിമർശനങ്ങൾ സിനിമയ്ക്ക് പുറത്തു നിന്നാണ് വരുന്നതെന്നും നടി പറഞ്ഞു. ഉടൽ സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷൻ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടി.

'ഞാനൊരിക്കലും വായുവിലേക്ക് നോക്കി ഉമ്മ വയ്ക്കുകയല്ല. എന്റെയൊപ്പം ഒരു മെയിൽ ആർട്ടിസ്റ്റും ഉണ്ട്. പക്ഷേ, വിമർശനങ്ങൾ മൊത്തം എനിക്കാണ്. കൂടെയുള്ള ആൾക്ക് ഒരു കുഴപ്പവുമില്ല. എന്നെ സപ്പോർട്ട് ചെയ്യുന്ന ഫാമിലി വളരെ മോശപ്പെട്ട ആൾക്കാർ. അതെന്തു കൊണ്ടെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഞാനീ രംഗം ചെയ്യുന്നത് ഒറ്റയ്ക്കല്ല. കൂടെയുള്ള ആൾ ഹീറോയും നമ്മൾ മോശക്കാരിയും ആകുന്നു. സിനിമയ്ക്ക് വേണ്ടതായതു കൊണ്ടാണ് ഇത്തരം സീനുകൾ ചെയ്യുന്നത്.' - അവർ പറഞ്ഞു.

നല്ല കഥാപാത്രം കിട്ടിയാൽ ദിലീപിനൊപ്പം അഭിനയിക്കുമെന്നും അതിജീവിത ഒരു പ്രചോദനമാണ് എന്നും അവർ മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകി. 'സിനിമ, കഥ എന്താണോ എന്നു നോക്കി ചെയ്യും. അദ്ദേഹത്തിന്റെ (ദിലീപിന്റെ) ഭാഗത്ത് തെറ്റുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല. അത് നിയമം തീരുമാനിക്കട്ടെ. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ. നല്ല കഥാപാത്രങ്ങൾ കിട്ടുകയാണ് എങ്കിൽ ഇഷ്ടമില്ലാത്ത വ്യക്തിയുടെ കൂടെയും അഭിനയിക്കും. അതിജീവിത എല്ലാ പെൺകുട്ടികൾക്കും ഒരു പ്രചോദനമാണ്. ഞാൻ സിനിമയിൽ വരുന്ന സമയത്താണ് ഈ പ്രശ്‌നം ഉണ്ടായത്. പലരും ഇത്തരം സന്ദർഭങ്ങളിൽ മിണ്ടാതിരിക്കുകയാണ് ചെയ്യുന്നത്. ' - ദുർഗ കൂട്ടിച്ചേർത്തു.

വിജയ് ബാബു വിഷയത്തിലും അവർ പ്രതികരിച്ചു. ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമായി. അത് ചെയ്യാൻ പാടില്ലാത്തതായിരുന്നു. കേസിൽ വിധി വരുന്നതു വരെ ആരെയും ന്യായീകരിക്കുകയോ തള്ളിപ്പറയുകയോ ചെയ്യുന്നില്ലെന്നും അവർ വ്യക്തമാക്കി.

Related Tags :
Similar Posts