Entertainment
ഓരോരുത്തർക്കും ഓരോ ചോദ്യങ്ങളും അവരവരുടെ മറുപടികളുമുണ്ടാവും, അതിനെ  സെൻസർ ചെയ്യാനാവില്ല- പ്രതികരണവുമായി മമ്മൂട്ടി
Entertainment

'ഓരോരുത്തർക്കും ഓരോ ചോദ്യങ്ങളും അവരവരുടെ മറുപടികളുമുണ്ടാവും, അതിനെ സെൻസർ ചെയ്യാനാവില്ല'- പ്രതികരണവുമായി മമ്മൂട്ടി

Web Desk
|
2 Oct 2022 2:50 PM IST

അഭിമുഖങ്ങളുമായി ബന്ധപ്പെട്ട് സമീപ കാലത്തുണ്ടായ വിവാദങ്ങളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം

ഓരോരുത്തർക്കും ഓരോ ചോദ്യങ്ങളും അവരവരുടെ മറുപടികളുമുണ്ടാവും. അതിനെ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ ആവില്ലെന്ന് മമ്മൂട്ടി. അഭിമുഖങ്ങളുമായി ബന്ധപ്പെട്ട് സമീപ കാലത്തുണ്ടായ വിവാദങ്ങളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

ഇന്റർവ്യൂകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ ചോദ്യങ്ങളുടെ പ്രശ്‌നമായിട്ടാണോ അതോ ഉത്തരങ്ങളുടെ പ്രശ്‌നമായിട്ടാണോ തോന്നിയിട്ടുള്ളത് എന്നായിരുന്നു വാർത്താ സമ്മേളനത്തില്‍ ചോദിച്ചത്.

'നമ്മൾ തമ്മിലുള്ള ചോദ്യത്തിനും കുഴപ്പമില്ല ഉത്തരത്തിനും കുഴപ്പം വരാൻ വഴിയില്ല. നമ്മൾ അതിനേക്കുറിച്ച് ചർച്ച ചെയ്യാൻ പോയാൽ ഒരുദിവസം പോരാതെ വരും. ഓരോരുത്തർക്കും ഓരോ ചോദ്യങ്ങളും അവരവരുടെ മറുപടികളുമുണ്ടാവും. അതിനെ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടത്. അതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കട്ടെ''- മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രം റോഷാക്കിന്റെ പ്രചാരാണർത്ഥം ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പ്രഖ്യാപനം മുതൽ പ്രേക്ഷകർ വലിയ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷാക്. സെൻസറിങ് പൂർത്തിയായ ചിത്രം ഒക്ടോബർ ഏഴിന് തിയറ്ററുകളിൽ എത്തും. രണ്ട് മണിക്കൂർ മുപ്പത് മിനുറ്റാണ് ചിത്രത്തിൻറെ ദൈർഘ്യം. അമ്പരപ്പിൻറെയും ഭയത്തിൻറെയും ഭാവങ്ങൾ നിറച്ച് പുറത്തിറങ്ങിയ ചിത്രത്തിൻറെ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയിറും പ്രേക്ഷകരിൽ റോഷാക്കിനെക്കുറിച്ചുള്ള ആകാംക്ഷ കൂട്ടിയിരുന്നു. റിലീസ് പ്രഖ്യാപന പോസ്റ്ററും ഏറെ ശ്രദ്ധേയമാണ്. തലയോട്ടിക്ക് സമാനമായ രൂപത്തിൽ മമ്മൂട്ടിയുടെ ലൂക്ക് ആന്റണിയും നിഴലും നിൽക്കുന്നതാണ് പോസ്റ്റർ. യു.എ സർട്ടിഫിക്കേഷൻ ലഭിച്ചു എന്ന വിവരം തലയോട്ടിയുടെ മറ്റു ഭാഗങ്ങളായും മമ്മൂട്ടിയുടെ തലയും നിഴലും രണ്ടു കണ്ണുകളായും പോസ്റ്ററിൽ അടയാളപ്പെടുത്തുന്നു.

ഒരു പ്രതികാരത്തിൻറെ കഥയാണ് ചിത്രമെന്ന് ചില അനുമാനങ്ങൾക്കൊപ്പം വൈറ്റ് റൂം ടോർച്ചറിനെ കുറിച്ചെല്ലാം ചർച്ചകൾ കൊടുമ്പിരി കൊള്ളുകയാണ്. ആദ്യചിത്രമായ കെട്ട്യോളാണ് എൻറെ മാലാഖ വമ്പൻ വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന സിനിമയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി ആണ്. കൊച്ചിയിലും ദുബൈയിലുമായാണ് റോഷാക്കിൻറെ ചിത്രീകരണം പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആൻറണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രോജക്ട് ഡിസൈനർ :ബാദുഷ, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: മിഥുൻ മുകുന്ദൻ, കലാസംവിധാനം: ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ചമയം: റോണക്‌സ് സേവ്യർ, എസ്. ജോർജ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.

Related Tags :
Similar Posts