< Back
Entertainment
ദുബൈയിൽ 50 കോടിയുടെ ആഢംബര ഭവനം, നടിക്ക് ഉദയനിധിയുടെ സമ്മാനമെന്ന് പ്രചാരണം; പ്രതികരിച്ച് നിവേദ പെതുരാജ്
Entertainment

ദുബൈയിൽ 50 കോടിയുടെ ആഢംബര ഭവനം, നടിക്ക് ഉദയനിധിയുടെ സമ്മാനമെന്ന് പ്രചാരണം; പ്രതികരിച്ച് നിവേദ പെതുരാജ്

Web Desk
|
6 March 2024 6:09 PM IST

ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കുന്നതിനുമുമ്പ് ലഭിക്കുന്ന വിവരങ്ങൾ പരിശോധിക്കാനുള്ള മനുഷ്യത്വം കാണിക്കുമെന്ന് കരുതിയെന്നും നടി പറയുന്നു.

ചെന്നൈ: സിനിമാ താരവും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ആഢംബര ഭവനം സമ്മാനിച്ചുവെന്ന വാർത്തയിൽ പ്രതികരണവുമായി തെന്നിന്ത്യൻ താരം നിവേദ പെതുരാജ്. തന്റെ പേരുചേർത്ത് പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് നിവേദ എക്സിൽ കുറിച്ചു. ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കുന്നതിനുമുമ്പ് ഇതിനെക്കുറിച്ച് സംസാരിക്കുന്ന ആളുകൾ ലഭിക്കുന്ന വിവരങ്ങൾ പരിശോധിക്കാനുള്ള മനുഷ്യത്വം കാണിക്കുമെന്ന് കരുതിയെന്നും നടി പറയുന്നു.

ഉദയനിധി സ്റ്റാലിൻ നിവേദയ്ക്ക് ദുബൈയിൽ ആഢംബര ഭവനം സമ്മാനിച്ചുവെന്ന് യൂ ട്യൂബറായ സാവുകു ശങ്കർ തന്റെ വീഡിയോയിൽ പരാമർശിച്ചിരുന്നു. അവിടെയാണ് നടി താമസിക്കുന്നതെന്നുമായിരുന്നു പ്രചാരണം. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വൈറലാവുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നിവേദയുടെ പ്രതികരണമെത്തുന്നത്.

"ഈയിടെയായി എനിക്ക് വേണ്ടി ആരോ വൻതോതിൽ പണം ചെലവഴിക്കുന്നുവെന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കുന്നതിനുമുമ്പ് ഇതിനെക്കുറിച്ച് സംസാരിക്കുന്ന ആളുകൾ ലഭിക്കുന്ന വിവരങ്ങൾ പരിശോധിക്കാനെങ്കിലും കുറച്ച് മനുഷ്യത്വം കാണിക്കുമെന്ന് കരുതിയാണ് മിണ്ടാതിരുന്നത്. കുറച്ചു ദിവസങ്ങളായി ഞാനും കുടുംബവും കടുത്ത സമ്മർദത്തിലാണ്" നിവേദ പറയുന്നു.

"മാന്യമായ കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. 16 വയസ് മുതൽ ഞാൻ സാമ്പത്തികമായി സ്വതന്ത്രയാണ്. ഞാനും കുടുംബവും 20 വർഷത്തിലേറെയായി ദുബൈയിലാണ്. പണമോ സിനിമയോ നല്‍കി സഹായിക്കണമെന്ന് ഇതുവരെ ഒരു സംവിധായകനോടോ നിര്‍മാതാവിനോടോ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇതുവരെ ഞാന്‍ 20 സിനിമകള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം ഞാന്‍ സ്വപ്രയത്‌നം കൊണ്ട് കണ്ടെത്തിയതാണ്. പണത്തോടോ സിനിമയോടോ ഇതുവരെ ആര്‍ത്തി കാണിച്ചില്ല"

"എന്നെക്കുറിച്ച് പറഞ്ഞുണ്ടാക്കുന്ന കാര്യങ്ങള്‍ തീർത്തും തെറ്റാണ്. 2002 മുതല്‍ വാടകയ്‌ക്കെടുത്ത ഒരു വീട്ടിലാണ് ദുബൈയില്‍ താമസിക്കുന്നത്. 2013 മുതലാണ് കാര്‍ റേസിങ് എന്റെ പാഷനായത്. ചെന്നൈയില്‍ റേസിങ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു" നിവേദ പറയുന്നു. താൻ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. ജീവിതത്തിൽ ഒരുപാട് പോരാട്ടങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. നിങ്ങളുടെ കുടുംബത്തിലെ മറ്റേതൊരു സ്ത്രീയും ആഗ്രഹിക്കുന്നതുപോലെ സമാധാനപരമായ ജീവിതം തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്നും നിവേദ കൂട്ടിച്ചേർത്തു. കുറച്ചെങ്കിലും മനുഷ്യത്വം അവശേഷിക്കുന്നുവെന്ന വിശ്വാസത്തോടെ വിഷയം നിയമപരമായി നേരിടുന്നില്ലെന്നും നിവേദ പറയുന്നുണ്ട്.

ടിക് ടിക് ടിക്, സങ്കത്തമിഴന്‍, ഒരു നാള്‍ കൂത്ത് തുടങ്ങിയ സിനിമകളിലൂടെ സുപരിചിതയായ നടിയാണ് നിവേദാ പെതുരാജ്. ഫസ്റ്റ് ലെവല്‍ ഫോര്‍മുല കാര്‍ റേസിങ്ങില്‍ യോഗ്യത നേടിയ ഡ്രൈവര്‍ കൂടിയാണ് താരം.

Similar Posts