< Back
Entertainment
Randeep-Sunny
Entertainment

ജാട്ട് സിനിമയിലൂടെ ക്രിസ്ത്യൻ മതവികാരം വ്രണപ്പെടുത്തി; സണ്ണി ഡിയോളിനും രൺദീപ് ഹൂഡക്കുമെതിരെ കേസ്

Web Desk
|
18 April 2025 12:24 PM IST

ചിത്രത്തിലെ ക്രിസ്ത്യൻ ദേവാലയത്തിൽ നിന്നുള്ള രംഗങ്ങളാണ് വിവാദമായത്

മുംബൈ: സണ്ണി ഡിയോളും രൺദീപ് ഹൂഡയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ആക്ഷൻ ത്രില്ലര്‍ ചിത്രം ജാട്ട് തിയറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ഏപ്രില്‍ 10-ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 70 കോടിയിലേറെ നേടിക്കഴിഞ്ഞു. അതിനിടെ സിനിമക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ചിത്രത്തിലെ ക്രിസ്ത്യൻ ദേവാലയത്തിൽ നിന്നുള്ള രംഗങ്ങളാണ് വിവാദമായത്. സണ്ണി ഡിയോൾ, രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ് എന്നിവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

പരാതിയിൽ സംവിധായകൻ ഗോപിചന്ദ് മാലിനേനിയെയും നിർമാതാക്കളെയും പരാമർശിക്കുന്നുണ്ട്. ചിത്രത്തിലെ ഒരു രംഗം "ക്രിസ്ത്യൻ സമൂഹത്തിന്റെ മതവികാരങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തിയിരിക്കുന്നു" എന്ന് പരാതിക്കാരൻ പറയുന്നു. യേശുക്രിസ്തുവിനെ അനാദരവോടെയാണ് ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. "ക്രൈസ്തവരെ പ്രകോപിപ്പിക്കാനും രാജ്യമെമ്പാടും കലാപം പൊട്ടിപ്പുറപ്പെടാനും അശാന്തി പടരാനും വേണ്ടി, ദുഃഖവെള്ളിയാഴ്ചയും ഈസ്റ്ററും ആഘോഷിക്കുന്ന വിശുദ്ധ മാസത്തിൽ സംവിധായകനും എഴുത്തുകാരനും നിർമാതാവും മനഃപൂർവം ഈ ചിത്രം പുറത്തിറക്കി," പരാതിക്കാരൻ പറഞ്ഞു.

രണ്‍ദീപ് ഹൂഡ പള്ളിയിലെ കുരിശടിക്ക് കീഴില്‍ നില്‍ക്കുന്നതും ചുറ്റുമുള്ള സഭാംഗങ്ങള്‍ പ്രാര്‍ഥിക്കുന്നതും, അസ്വസ്ഥമായ പശ്ചാത്തലവുമാണ് വിവാദമായ ഭാഗത്തുള്ളത്. പള്ളിക്കുള്ളിലെ അക്രമത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങളും ഈ ഭാഗങ്ങളിലുണ്ട്. ഇത് മതവികാരങ്ങളെ വ്രണപ്പെടുത്തുകയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്‌തെന്നാരോപിച്ച് ക്രിസ്ത്യന്‍ സമൂഹം രംഗത്തെത്തി, ചിത്രം നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.

ദേവാലയത്തിലെ പ്രസംഗപീഠത്തിന്‍റെ പവിത്രമായ ഇടം അശുദ്ധമാക്കിയെന്നും ആരോപണമുണ്ട്. പ്രതിഷേധക്കാര്‍ 'രണ്‍ദീപ് ഹൂഡ മുര്‍ദാബാദ്' എന്ന മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. ജാട്ട് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്ക് പുറത്ത് പ്രതിഷേധിക്കാനായിരുന്നു പദ്ധതിയെങ്കിലും പൊലീസ് ഇടപെടലിനെത്തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു.

ആന്ധ്രാപ്രദേശിലെ ഒരു വിദൂര തീരദേശ ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ജാട്ട് രണതുംഗ എന്ന ഗുണ്ടാ നേതാവിന്‍റെ കഥയാണ് പറയുന്നത്. റെജീന കസാന്‍ഡ്ര, സയാമി ഖേര്‍, രമ്യ കൃഷ്ണന്‍, വിനീത് കുമാര്‍ സിങ്, പ്രശാന്ത് ബജാജ്, സറീന വഹാബ്, പി രവിശങ്കര്‍, ബബ്ലൂ പൃഥ്വിരാദ് എന്നിവരാണ് ജാട്ടിലെ മറ്റ് താരങ്ങൾ .മൈത്രി മൂവി മേക്കേഴ്‌സും പീപ്പിൾ മീഡിയ ഫാക്ടറിയും ചേർന്ന് നിർമിച്ച ഈ ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് പുറത്തിറങ്ങിയിട്ടുള്ളത്. 100 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയത്. ചിത്രത്തിലെ ഒട്ടേറെ ഭാഗങ്ങള്‍ നേരത്തേ സെന്‍സറിങ്ങിന് വിധേയമാക്കിയിരുന്നു.

View this post on Instagram

A post shared by Mythri Movie Makers (@mythriofficial)

Similar Posts