< Back
Entertainment
ഇപ്പോൾ അനുഭവിച്ചതിനേക്കാൾ മോശമായതൊന്നും ഇനി വരാൻ പോകുന്നില്ല; ആര്യനെ കുറിച്ച് ആദ്യമായി മനസുതുറന്ന് ഗൗരി ഖാൻ
Entertainment

'ഇപ്പോൾ അനുഭവിച്ചതിനേക്കാൾ മോശമായതൊന്നും ഇനി വരാൻ പോകുന്നില്ല'; ആര്യനെ കുറിച്ച് ആദ്യമായി മനസുതുറന്ന് ഗൗരി ഖാൻ

Web Desk
|
22 Sept 2022 12:50 PM IST

'ഞങ്ങൾക്ക് അറിയാത്ത ഒരുപാട് ആളുകൾ പോലും സന്ദേശങ്ങൾ അയച്ചു'

മുംബൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മകൻ ആര്യൻഖാനെ കുറിച്ച് മനസുതുറന്ന് ഗൗരി ഖാൻ. അടുത്തിടെ കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ 7 എന്ന ചാറ്റ് ഷോയിൽ അതിഥിയായി ഗൗരി ഖാൻ എത്തിയിരുന്നു. ഈ ഷോയിൽ സംസാരിക്കുമ്പോഴാണ് മകന്റെ അറസ്റ്റിന് ശേഷം കുടുംബം നേരിടേണ്ടിവന്ന ദുഷ്‌കരമായ അവസ്ഥയെ കുറിച്ച് മനസ് തുറന്നത്. അറസ്റ്റിന് ശേഷം ഷാരൂഖ് ഖാനോ മറ്റ് കുടുംബാംഗങ്ങളോ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ആദ്യമായാണ് ഈ സംഭവത്തെ കുറിച്ച് ഖാൻ കുടുംബത്തിൽ നിന്ന് ഒരാൾ പ്രതികരിക്കുന്നത്. അന്നത്തെ അറസ്റ്റിന് ശേഷം കുടുംബത്തെയും നിങ്ങളെയും എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോയത് എന്ന അവതാരകന്റെ ചോദ്യത്തിനാണ് ഗൗരി മനസ് തുറന്നത്.

'നമ്മൾ ഇപ്പോൾ അനുഭവിച്ചതിനേക്കാൾ മോശമായതൊന്നും ഇനി വരാൻ പോകുന്നില്ല. ഒരു അമ്മ എന്ന നിലയിലും രക്ഷിതാവ് എന്ന നിലയിലും അത്രയേറെ അനുഭവിച്ചു. എന്നാൽ നമ്മളെല്ലാവരും കുടുംബമാണ്. ഞങ്ങൾ എല്ലാവരാലും സ്‌നേഹിക്കപ്പെടുന്നു. ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളും, കൂടാതെ ഞങ്ങൾക്ക് അറിയുകപോലും ചെയ്യാത്ത ഒരുപാട് ആളുകൾ സന്ദേശങ്ങൾ അയക്കുന്നു. അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നു. അതൊരു വലിയ അനുഗ്രഹമായി ഞങ്ങൾ കരുതുന്നു. ഞങ്ങൾക്കൊപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ട്. ' ഗൗരി പറഞ്ഞു.

കഴിഞ്ഞ വർഷമാണ് ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മൂത്ത മകൻ ആര്യനെ ആഡംബരക്കപ്പലിൽ നടത്തിയ റെയ്ഡിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്.ഒരു മാസത്തോളം കസ്റ്റഡിയില് കഴിഞ്ഞ ആര്യനെതിരെ പിന്നീട് തെളിവുകൾ ലഭിക്കാത്തതിനെ തുടർന്ന് വെറുതെ വിടുകയായിരുന്നു.

Similar Posts