< Back
Entertainment
നൈല ഉഷയിലൂടെ മലയാള നടിക്ക് ആദ്യമായി  ഗോള്‍ഡന്‍ വിസ; മിഥുന്‍ രമേശിനും സുവര്‍ണ നേട്ടം
Entertainment

നൈല ഉഷയിലൂടെ മലയാള നടിക്ക് ആദ്യമായി ഗോള്‍ഡന്‍ വിസ; മിഥുന്‍ രമേശിനും 'സുവര്‍ണ നേട്ടം'

ijas
|
2 Sept 2021 8:10 PM IST

മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്

മലയാളത്തിന്‍റെ താരരാജാക്കന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചത് കഴിഞ്ഞ ആഴ്ച്ചയായിരുന്നു. ഇതിന് ശേഷം മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇപ്പോഴിതാ കൂടുതല്‍ യുവതാരങ്ങള്‍ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ അനുവദിച്ചിരിക്കുകയാണ്. മലയാള സിനിമാതാരങ്ങളായ നൈല ഉഷയും മിഥുന്‍ രമേശുമാണ് ഏറ്റവുമൊടുവില്‍ യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരിക്കുന്നത്. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഗോള്‍ഡന്‍ വിസ ലഭിച്ച കാര്യം അറിയിച്ചത്.

യു.എ.ഇയില്‍ വര്‍ഷങ്ങളായി സ്ഥിരതാമസക്കാരാണ് നൈലയും മിഥുനും. യു.എ.ഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എനില്‍ റേഡിയോ ജോക്കിയാണ് മിഥുന്‍ രമേശ്. പതിനേഴ് വര്‍ഷമായി യു.എ.ഇയില്‍ എ.ആര്‍.എനിന്‍റെ ഭാഗമാണെന്നും ഇത്രയും വര്‍ഷം സുന്ദരമായ ഈ രാജ്യത്ത് താനുണ്ടെന്നും മിഥുന്‍ രമേശ് ഗോള്‍ഡന്‍ വിസ ലഭിച്ച ഫോട്ടോ പങ്കുവെച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

View this post on Instagram

A post shared by Mithun (@rjmithun)

നടി നൈല ഉഷയും യു.എ.ഇയിലെ എ.ആര്‍.എന്‍ കമ്പനിക്ക് കീഴിലെ എ.ആര്‍.എന്‍ ഹിറ്റ് 96.7 എഫ്.എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്. ഈ അത്ഭുതകരമായ രാജ്യത്ത് നിന്നും ഗോള്‍ഡന്‍ വിസ ലഭിച്ചതിലൂടെ താന്‍ ആദരിക്കപ്പെട്ടതായി നൈല ഉഷ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

View this post on Instagram

A post shared by Nyla Usha (@nyla_usha)

സാധാരണ ഗതിയില്‍ രണ്ടു വര്‍ഷത്തേക്കാണ് യു.എ.ഇ വിസ അനുവദിക്കാറുള്ളത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന എംപ്ലോയ്‌മെന്‍റ് വിസയ്ക്കു പകരം 10 വര്‍ഷത്തേക്കുള്ള വിസ തന്നെ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ പദ്ധതി 2018ലാണ് യു.എ.ഇ സര്‍ക്കാര്‍ ആരംഭിച്ചത്.

നേരത്തേ മുൻനിര ബിസിനസ് പ്രമുഖർക്കും വിദഗ്ധർക്കും പ്രഖ്യാപിച്ച പത്തുവർഷത്തെ ഗോൾഡൻ വിസയാണ് യു.എ.ഇ കൂടുതൽ രംഗങ്ങളിലേക്ക് വ്യാപിപ്പിച്ചത്. മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ്. മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

Similar Posts