< Back
Entertainment
Mari Selvaraj, Mini Cooper, Udhayanidhi Stalin, Maamannan, മാമന്നന്‍, മാരി ശെല്‍വരാജ്, മിനി കൂപ്പര്‍, ഉദയനിധി സ്റ്റാലിന്‍
Entertainment

മാമന്നന്‍റെ ഗംഭീര വിജയം; മാരി ശെല്‍വരാജിന് മിനി കൂപ്പര്‍ സമ്മാനം നല്‍കി ഉദയനിധി സ്റ്റാലിന്‍

Web Desk
|
2 July 2023 12:09 PM IST

ലോകം മുഴുവന്‍ ചുറ്റിസഞ്ചരിക്കാന്‍ മാമന്നന് ചിറകുകള്‍ നല്‍കിയ മാരി ശെല്‍വരാജിന് നന്ദി അറിയിക്കുന്നതായി ഉദയനിധി

ഉദയനിധി സ്റ്റാലിൻ, വടിവേലു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ‘മാമന്നൻ’ പ്രദര്‍ശന വിജയം നേടി മുന്നേറി കൊണ്ടിരിക്കെ ചിത്രത്തിന്‍റെ സംവിധായകനായ മാരി ശെല്‍വരാജിന് കാര്‍ സമ്മാനമായി നല്‍കി ചിത്രത്തിലെ നായകനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍. ആഡംബര കാറായ മിനി കൂപ്പറാണ് ഉദയനിധി മാരി ശെല്‍വരാജിന് സമ്മാനിച്ചത്.

ലോകത്തെങ്ങുമുള്ള തമിഴര്‍ക്കിടയില്‍ ചൂടുള്ള വിഷയമായി മാമന്നന്‍ മാറിയിരിക്കുകയാണെന്നും എല്ലാവരും അതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ഉദയനിധി സ്റ്റാലിന്‍ കാര്‍ സമ്മാനിച്ച വാര്‍ത്ത പങ്കുവെച്ചുള്ള കുറിപ്പില്‍ പറഞ്ഞു.അംബേദ്കര്‍, പെരിയാര്‍, കലൈഞ്ജര്‍ എന്നിവര്‍ ആത്മാഭിമാനത്തെയും സാമൂഹിക നീതിയെയും പറ്റിയുള്ള ചിന്തകള്‍ യുവതലമുറയില്‍ ജനിപ്പിച്ചതായും ഉദയനിധി പറഞ്ഞു.

ഉദയനിധി സ്റ്റാലിന്‍റെ നിര്‍മാണ കമ്പനിയായ റെഡ് ജിയന്‍റ് മൂവീസ് ആണ് മിനി കൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കിയത്. ലോകം മുഴുവന്‍ ചുറ്റിസഞ്ചരിക്കാന്‍ മാമന്നന് ചിറകുകള്‍ നല്‍കിയ മാരി ശെല്‍വരാജിന് നന്ദി അറിയിക്കുന്നതായും കാര്‍ സമ്മാനിച്ചുകൊണ്ട് ഉദയനിധി പറഞ്ഞു.

പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരിസെല്‍വരാജ് സംവിധാനം ചെയ്ത സിനിമയാണ് മാമന്നന്‍. ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. ഡിസംബറില്‍ തമിഴ്‌നാട്ടിലെ യുവജനക്ഷേമ കായിക വികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടനും-രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഉദയനിധി താന്‍ അഭിനയിക്കുന്ന അവസാന ചിത്രമാണ് മാമന്നന്‍ എന്ന് പ്രഖ്യാപിച്ചത് ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ ആര്‍.ആര്‍.ആര്‍, വിക്രം, ഡോണ്‍, വെന്ത് തുനിന്തത് കാട്, വിടുതലൈ തുടങ്ങിയ സിനിമകള്‍ വിതരണം ചെയ്ത എച്ച് ആര്‍ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

Similar Posts