< Back
Entertainment
ലോകേഷ്
Entertainment

'ഫഹദിനെ നായകനാക്കി ഒരു സിനിമയെഴുതി, അത് സംഭവിക്കുമോ എന്നറിയില്ല'; കാരണം പറഞ്ഞ് ലോകേഷ്

Web Desk
|
9 Oct 2023 11:17 AM IST

മഫ്തി എന്ന പേരിൽ ഒരു പൊലീസ് ഓഫീസറുടെ കഥയാണ് ലോകേഷ് ഫഹദിനെ നായകനാക്കി ചെയ്യാൻ ആലോചിച്ചിരുന്നത്.

തൊട്ടതെല്ലാം പൊന്നാക്കി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്‍റെതായ ഇടം കണ്ടെത്തിയ സംവിധായകനാണ് ലോകേഷ് കനകരാജ്. തമിഴിൽ മാത്രമല്ല മലയാളി പ്രേക്ഷകരുടെ ഇടയിലും ലോകേഷ് കനകരാജ് ചിത്രത്തിന് ആരാധകരുണ്ട്. വിജയ് ചിത്രമായ ലിയോയുടെ റിലീസിനായാണ് ആരാധകരുടെ കാത്തിരിപ്പ്. അതിനിടയിൽ ഫഹദ് ഫാസിലിനെ നായകനാക്കി ഒരു സിനിമ എഴുതിയിരുന്നു എന്ന ലോകേഷിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ ചർച്ച.

ലിയോയുടെ റിലീസിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് ലോകേഷ് ഫഹദിനെ വെച്ച് ഒരു ചിത്രം എഴുതിയിട്ടുണ്ടെന്ന കാര്യം വ്യക്തമാക്കിയത്. എന്നാൽ ആ സിനിമ ഇനി സംഭവിക്കുമെന്ന് തോന്നുന്നില്ലെന്നും ലോകേഷ് പറഞ്ഞുവെക്കുന്നുണ്ട്. "ലിയോയ്ക്ക് പിന്നാലെ കൈതി 2, വിക്രം 2,റോളക്‌സിന്റെ സ്റ്റാന്‍ഡ് എലോണ്‍ തുടങ്ങിയ സിനിമകളും പുറത്തിറങ്ങാനുണ്ട്. ഇതിനിടയിൽ ഒരു സിനിമ പെട്ടന്ന് ചെയ്ത് തീർക്കണമെന്നുണ്ട്. എന്നാൽ യൂണിവേഴ്സ് കാരണം അത് സംഭവിക്കുമെന്ന് തോന്നുന്നില്ല" ലോകേഷ് പറയുന്നു.

മഫ്തി എന്ന പേരിൽ ഒരു പൊലീസ് ഓഫീസറുടെ കഥയാണ് ലോകേഷ് ഫഹദിനെ നായകനാക്കി ചെയ്യാൻ ആലോചിച്ചിരുന്നത്. ചിത്രത്തിന്റെ കഥ സംബന്ധിച്ച സൂചനയും ലോകേഷ് നൽകി."ഒരു പൊലീസുകാരന്റെ യൂണിഫോമിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. അദ്ദേഹത്തിന് ആ യൂണിഫോം ഫിറ്റല്ലാത്തതിനാൽ ആൾട്ടറേഷനായി കൊടുക്കുന്നു. തുടർന്നുണ്ടാകുന്ന രണ്ട് മണിക്കൂർ നേരത്തെ സംഭവങ്ങളാണ് സിനിമ" ലോകേഷ് പറയുന്നു. നേരത്തെ ലോകേഷ് കനകരാജിന്റെ വിക്രം എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ഒക്ടോബര്‍ 16നാണ് ലിയോ തിയേറ്ററുകളിലെത്തുന്നത്. തൃഷ നായികയാവുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, ബാബു ആന്റണി തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. വൻ സർപ്രൈസ് ആകും ലോകേഷ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത് എന്ന് അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാണ്.

300 കോടിയാണ് ലിയോയുടെ ആകെ ബജറ്റ് എന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. റിലീസിന് മുന്നോടിയായി സാറ്റലൈറ്റ്, ഡിജിറ്റൽ, വീഡിയോ അവകാശങ്ങൾ ഉൾപ്പടെ ഉള്ളവയിലൂടെ ചിത്രം നേടിയത് 487 കോടിയാണെന്ന് ട്രാക്കറായ എ.ബി ജോർജ് എക്സിൽ പങ്കുവെച്ചു. ലിയോയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയത്. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ലളിത് കുമാർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ലോകേഷ് കനകരാജ്, ദീരജ് വൈദി, രത്ന കുമാർ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

Similar Posts