< Back
Entertainment
കയ്യെത്തും ദൂരത്തില്‍ നിന്നും കണ്ണെത്താത്ത ഉയരങ്ങളിലേക്ക്; ഫഹദ് ഫാസില്‍ എന്ന നടന്‍
Entertainment

കയ്യെത്തും ദൂരത്തില്‍ നിന്നും കണ്ണെത്താത്ത ഉയരങ്ങളിലേക്ക്; ഫഹദ് ഫാസില്‍ എന്ന 'നടന്‍'

Web Desk
|
8 Aug 2021 11:51 AM IST

ഇന്ന് 39ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം

സമകാലീനരായ നടന്‍മാരില്‍ നിന്നും ഓരോ ചിത്രത്തിലൂടെയും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഫഹദ് ഫാസില്‍. നായകനെന്നതിലുപരി ഒരു നടനേയെല്ല എന്ന് പറഞ്ഞവരെക്കൊണ്ട് ഇക്കാലം കൊണ്ട് എന്തൊരു അഭിനയം എന്ന് പറയിപ്പിച്ചു ഫഹദ്. ഇന്ന് 39ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം.

1982 ആഗസ്ത് എട്ടിന് ആലപ്പുഴയിലായിരുന്നു ഫഹദിന്‍റെ ജനനം. ആലപ്പുഴയിലും ഊട്ടിയിലും അമേരിക്കയിലുമായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. പിതാവും പ്രശസ്ത സംവിധായകനുമായ ഫാസിലിന്‍റെ ചിത്രമായ കയ്യെത്തും ദൂരത്തിലൂടെയാണ് (2002) ഫഹദിന്‍റെ സിനിമാപ്രവേശം. ആദ്യ സിനിമ പരാജയമായിരുന്നുവെന്നും മാത്രമല്ല, ഫഹദിന്‍റെ അഭിനയവും വിമര്‍ശിക്കപ്പെട്ടു. പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത ഫഹദ് 2009ലാണ് രണ്ടാം വരവ് നടത്തുന്നത്. അത് ഒരു ഒന്നൊന്നര വരവു തന്നെയായിരുന്നു.

കയ്യെത്തും ദൂരത്തിലെ സച്ചിന്‍ മാധവനില്‍ നിന്നും കേരള കഫേയിലെ പത്രപ്രവര്‍ത്തകനിലേക്കെത്തുമ്പോള്‍ ഫഹദ് മിതത്വം വന്ന ഒരു നടനായി മാറിക്കഴിഞ്ഞിരുന്നു. ചാപ്പാ കുരിശ്, 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ്, അന്നയും റസൂലും, ആമേന്‍, ബംഗ്ലൂര്‍ ഡേയ്‌സ്, ഇയ്യോബിന്‍റെ പുസ്തകം, മഹേഷിന്‍റെ പ്രതികാരം, ആര്‍ട്ടിസ്റ്റ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ട്രാന്‍സ്, കുമ്പളങ്ങി നൈറ്റ്സ് ജോജി തുടങ്ങി പിന്നീട് ഇറങ്ങിയ ചിത്രങ്ങളിലെല്ലാം കണ്ടത് കഥാപാത്രങ്ങളെ ആവാഹിച്ച ഒരു മികച്ച നടനെയായിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മാലികിലെ സുലൈമാന്‍ വരെ ഫഹദ് ഷോയില്‍ തിളങ്ങിയ ചിത്രങ്ങളാണ്. മലയന്‍കുഞ്ഞ്, പുഷ്പ, വിക്രം എന്നിവയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഫഹദ് ചിത്രങ്ങള്‍.




Similar Posts