< Back
Entertainment
വെള്ളിത്തിരയിലെ വിസ്മയത്തിന് 62 വയസ്
Entertainment

വെള്ളിത്തിരയിലെ വിസ്മയത്തിന് 62 വയസ്

Web Desk
|
21 May 2022 9:40 AM IST

പതിനെട്ടാം വയസ് മുതല്‍ മോഹന്‍ലാല്‍ എന്ന നടന്‍ വെള്ളിത്തിരയില്‍ നിറഞ്ഞാടിക്കൊണ്ടിരിക്കുകയാണ്

''ഇതു പോലൊരു തെമ്മാടി ചെറുക്കന്‍ എനിക്കും ഉണ്ടായിരുന്നെങ്കില്‍...'' സ്ഫടികത്തിലെ ആടു തോമയെ കണ്ട് ഒരിക്കല്‍ പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി പറയുകയുണ്ടായി..

''അഭിനയത്തിൽ വിസ്മയിപ്പിക്കാൻ കഴിവുള്ള നടനാണ് മോഹൻലാൽ, അവസാന ഷോട്ടിൽ എന്തെങ്കിലും ഒരു പ്രത്യേകത തന്‍റെ അഭിനയത്തിൽ കൊണ്ടു വന്നു ആ പ്രകടനം ഗംഭീരമാക്കാൻ കഴിവുള്ള ചുരുക്കം ചില നടന്മാരിൽ ഒരാളാണ് മോഹൻലാൽ, ആ ഒരു പ്രകടനമാണ് മോഹൻലാലിനെ ഒപ്പം സഞ്ചരിക്കുന്ന മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്‍തമാക്കുന്നത്'' ഇരുവറില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിനു ശേഷം സംവിധായകന്‍ മണിരത്നത്തിന്‍റെ വാക്കുകള്‍...



പതിനെട്ടാം വയസ് മുതല്‍ മോഹന്‍ലാല്‍ എന്ന നടന്‍ വെള്ളിത്തിരയില്‍ നിറഞ്ഞാടിക്കൊണ്ടിരിക്കുകയാണ്. നൂറുനൂറ് കഥാപാത്രങ്ങള്‍...അനേകായിരം ലാല്‍ ഭാവങ്ങള്‍...മലയാളിയുടെ ആഘോഷങ്ങളുടെ മറ്റൊരു പേര് കൂടിയാണ് മോഹന്‍ലാല്‍. നിങ്ങള്‍ മറ്റൊരു അഭിനേതാവിന്‍റെ ആരാധകനാണെങ്കില്‍ പോലും പറയാനുണ്ടാകും ഇഷ്ടപ്പെട്ടൊരു, അതിശയിപ്പിച്ച ലാല്‍ കഥാപാത്രത്തെ...പുതിയ ചിത്രങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയാകുമ്പോഴും പ്രതിരോധിക്കാനുണ്ടാകും അതിനു മുന്‍പേ ലാല്‍ പകര്‍ന്നാട്ടം നടത്തിയിട്ടുള്ള എണ്ണമറ്റ കഥാപാത്രങ്ങള്‍..സോളമന്‍, ദാസന്‍, ജയകൃഷ്ണന്‍,സേതുമാധവന്‍, രാജീവ് മേനോന്‍, കുഞ്ഞിക്കുട്ടന്‍, ആനന്ദ്, ശിവന്‍കുട്ടി, ജോജി, സിദ്ധാര്‍ഥന്‍, ഗോപി, രമേശന്‍ നായര്‍...സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും ഓരോ സിനിമാസ്വാദകനും പരിചിതമാണ് ഇവരെ...

ലാലിന്‍റെ അഭിനയരീതിയെക്കുറിച്ചോ..സിനിമകളെക്കുറിച്ചോ മലയാളിയോട് പ്രത്യേകിച്ച് പറയേണ്ട കാര്യമല്ല. ആദ്യചിത്രമായ തിരനോട്ടം മുതല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 12th man വരെയുള്ള ചിത്രങ്ങളിലെ വിശേഷങ്ങള്‍ കാണാപ്പാഠമാണ് ആരാധകര്‍ക്ക്. എത്രയോ കാലങ്ങളായി ലാല്‍ നമ്മുടെ കാഴ്ചകളില്‍ നിറയാന്‍ തുടങ്ങിയിട്ട്. കാലങ്ങള്‍ കഴിഞ്ഞിട്ടും ആ കാഴ്ച നമ്മെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്ന് മോഹന്‍ലാല്‍ 62ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സിനിമാലോകവും ആരാധകരും ലാലിനെ ആശംസകള്‍ കൊണ്ടുമൂടുകയാണ്. 'പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ' എന്നാണ് മമ്മൂട്ടി ആശംസിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

ലാലും പൃഥ്വിരാജും ഒരുമിച്ച രണ്ടാമത്തെ ചിത്രം ബ്രോ ഡാഡിയുടെ തീം സോംഗ് പങ്കുവച്ചുകൊണ്ടാണ് പൃഥ്വി ലാലിന് ആശംസ നേര്‍ന്നത്.

Related Tags :
Similar Posts