< Back
Entertainment
ഇന്ത്യൻ സിനിമയുടെ മുഖമായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഭാഗ്യവാനാണ്: ഷാരൂഖ് ഖാൻ
Entertainment

ഇന്ത്യൻ സിനിമയുടെ മുഖമായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഭാഗ്യവാനാണ്: ഷാരൂഖ് ഖാൻ

Web Desk
|
7 Dec 2022 6:46 PM IST

തനിക്ക് ലഭിക്കുന്ന ഏത് അവാർഡും ഇന്ത്യൻ സിനിമാ വ്യവസായത്തിനുള്ള അവാർഡായി കരുതുന്നുവെന്നും ഷാരൂഖ്

ഇന്ത്യൻ സിനിമയുടെ മുഖമായി തെരഞ്ഞെടുക്കപ്പെട്ടതിൽ താൻ ഭാഗ്യവാനാണെന്ന് നടൻ ഷാരൂഖ് ഖാൻ. തനിക്ക് ലഭിക്കുന്ന ഏത് അവാർഡും ഇന്ത്യൻ സിനിമയ്ക്ക് മൊത്തത്തിലുള്ള അവാർഡാണെന്ന് വിശ്വസിക്കുന്നതായും താരം പറഞ്ഞു. അടുത്തിടെ സൗദി അറേബ്യയിലെ റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ ഷാരൂഖ് ഖാനെ ആദരിക്കപ്പെട്ടിരുന്നു. ശേഷം രായ അബിർബാച്ചിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പരാമർശം.

''അവാർഡുകൾ സ്വീകരിക്കുന്നതിൽ എനിക്ക് ലജ്ജയില്ല, ലജ്ജയോടെയും അവാർഡ് സ്വീകരിക്കാൻ എനിക്ക് താൽപ്പര്യമുണ്ട്. കഴിഞ്ഞ 32 വർഷമായി ഞാൻ ആളുകളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നു, ചിലപ്പോൾ അത് വിജയകരമാവാറില്ല, എനിക്കുള്ള അംഗീകാരം വ്യക്തിപരമല്ല, അത് ഇന്ത്യൻ സിനിമാ വ്യവസായത്തിനുള്ള അംഗീകാരമാണ്, ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ മുഖമായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ ഭാഗ്യവാനാണ്''- ഷാരൂഖ് ഖാൻ പറഞ്ഞു.

ജോലിയിൽ നിരന്തരം ഏർപ്പെടുന്നില്ലെന്ന ബോധ്യം തനിക്കുണ്ടെന്നും തന്റെ വിജയത്തിന് പിന്നിൽ തിരശ്ശീലയ്ക്കു പിന്നിൽ കഠിനാധ്വാനം ചെയ്ത നിരവധിയാളുകളുണ്ടെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ നാല് വർഷമായി താരം സ്വയം ഏർപ്പെടുത്തിയ വിശ്രമത്തിലാണ്. തന്റെ മക്കളുമായി കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിച്ചത് കൊണ്ടാണ് നീണ്ട വിശ്രമമെടുത്തതെന്ന് ഷാരൂഖ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇടവേളയ്ക്കു ശേഷം വമ്പൻ സിനിമകളുമായി ബോളിവുഡിൽ തിരിച്ചെത്താനൊരുങ്ങുകയാണ് ഷാരൂഖ്. ദീപിക പദുകോൺ നായികയാകുന്ന പഠാൻ ആണ് ആദ്യം റിലീസ് ചെയ്യുന്നത്. ജനുവരി 25 നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇതിനു പിന്നാലെ ആറ്റ്‌ലീ സംവിധാനം ചെയ്യുന്ന ജവാൻ പുറത്തിറങ്ങും. രാജ്കുമാർ ഹിരാനിക്കൊപ്പം ആദ്യമായി ഒന്നിക്കുന്ന ഡങ്കിയും പുറത്തിറങ്ങും. സിനിമയുടെ ചിത്രീകരണം സൗദി അറേബ്യയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Similar Posts