< Back
Entertainment
ഐ.എഫ്.എഫ്.കെ രജിസ്ട്രേഷന്‍ നാളെ മുതല്‍; വിദ്യാര്‍ഥികള്‍ക്ക് 500 രൂപ ഡെലിഗേറ്റ് ഫീസ്
Entertainment

ഐ.എഫ്.എഫ്.കെ രജിസ്ട്രേഷന്‍ നാളെ മുതല്‍; വിദ്യാര്‍ഥികള്‍ക്ക് 500 രൂപ ഡെലിഗേറ്റ് ഫീസ്

Web Desk
|
10 Nov 2022 8:52 PM IST

ഈ വര്‍ഷം ഡിസംബര്‍ 9 മുതല്‍ 16 വരെ എട്ട് ദിവസങ്ങളിലായാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്

തിരുവനന്തപുരം: 27ആമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ രജിസ്ട്രേഷന്‍ നാളെ ആരംഭിക്കും. നാളെ രാവിലെ പത്ത് മണി മുതല്‍ www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താം. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്ട്രേഷന്‍ നടത്താമെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു.

ഈ വര്‍ഷം ഡിസംബര്‍ 9 മുതല്‍ 16 വരെ എട്ട് ദിവസങ്ങളിലായാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഐ.എഫ്.എഫ്.കെ സാധാരണ സംഘടിപ്പിക്കാറുള്ള ഡിസംബര്‍ മാസത്തില്‍ നടത്തുന്നത്. രാജ്യാന്തര മല്‍സരവിഭാഗം, ലോക സിനിമ, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ വിഭാഗങ്ങളിലായാണ് സംസ്ഥാന ചലച്ചിത്ര മേള നടക്കുക. മലയാളം സിനിമ വിഭാഗത്തില്‍ 12 സിനിമകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. സംവിധായകനായ ആര്‍ ശരത്ത്, ചെയര്‍മാന്‍ ജീവ കെ ജെ, ഷെറി, രഞ്ജിത്ത് ശങ്കര്‍, അനുരാജ് മനോഹര്‍ എന്നീ സംവിധായകരുള്‍പ്പെട്ട സമിതിയാണ് സിനിമകള്‍ തെരഞ്ഞെടുത്തത്.

മഹേഷ് നാരായണന്‍ ചിത്രം 'അറിയിപ്പ്', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' എന്നീ സിനിമകളാണ് അന്താരാഷ്ട്ര മത്സരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. 'വഴക്ക്', 'ആയിരത്തൊന്നു നുണകള്‍', 'ബാക്കി വന്നവര്‍', 'പട', 'നോര്‍മല്‍', 'ഗ്രേറ്റ് ഡിപ്രഷന്‍', 'വേട്ടപ്പട്ടികളും ഓട്ടക്കാരും', 'ആണ്', 'ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും', 'ധബാരി ക്യുരുവി', 'ഫ്രീഡം ഫൈറ്റ്', '19(1)(a) എന്നീ സിനിമകളാണ് മലയാളം സിനിമ ടുഡേയില്‍ പ്രദര്‍ശിപ്പിക്കുക.

നേരത്തെ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അവസാന രണ്ട് ചലച്ചിത്ര മേളകളില്‍ ഒന്ന് മാറ്റിവെക്കുകയും മറ്റൊന്ന് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി പ്രാദേശികമായി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

Similar Posts