< Back
IFFK
അതിജീവനക്കാഴ്ച്ചകളുമായി രാജ്യാന്തര ചലച്ചിത്രോത്സവം 18 മുതല്‍;  15 തിയറ്ററുകള്‍, 173 സിനിമകള്‍
IFFK

അതിജീവനക്കാഴ്ച്ചകളുമായി രാജ്യാന്തര ചലച്ചിത്രോത്സവം 18 മുതല്‍; 15 തിയറ്ററുകള്‍, 173 സിനിമകള്‍

Web Desk
|
9 March 2022 9:40 PM IST

അന്താരാഷ്ട്ര മത്സരവിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴു പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് 18 ന് തിരുവനന്തപുരത്ത് തിരിതെളിയും. എട്ടു ദിവസത്തെ മേളയിൽ 15 തിയേറ്ററുകളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്. പതിനായിരത്തോളം പ്രതിനിധികൾക്കാണ് ഇത്തവണ മേളയിൽ പ്രവേശനം. എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും.

അന്താരാഷ്ട്ര മത്സരവിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴു പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സംഘർഷഭരിതമായ ദേശങ്ങളിലെ ജീവിതം പകർത്തുന്ന ഫിലിംസ് ഫ്രം കോൺഫ്‌ലിക്റ്റ് എന്ന പാക്കേജാണ് മേളയിലെ പ്രധാന ആകർഷണം. ആഭ്യന്തര സംഘർഷം കാരണം സമാധാനം നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാൻ, ബർമ്മ ,കുർദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളിൽ ഫിപ്രസ്‌കി പുരസ്‌കാരം ലഭിച്ച സിനിമകളുടെ പാക്കേജ് ഫിപ്രസ്‌കി ക്രിട്ടിക്സ് വീക്ക് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും.അന്തരിച്ച നടൻ നെടുമുടി വേണുവിന് ആദരമർപ്പിച്ചുകൊണ്ടുള്ള റെട്രോസ്‌പെക്റ്റീവും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടർക്കിഷ് സംവിധായകൻ എമ്ർ കയ്സ് സംവിധാനം ചെയ്ത അനറ്റോളിയൻ ലെപ്പേഡ്, സ്പാനിഷ് ചിത്രമായ കമീല കംസ് ഔട്ട് റ്റു നെറ്റ്, ക്ലാരാ സോള, ദിനാ അമീറിന്റെ യു റീസെമ്പിൾ മി, മലയാളചിത്രമായ നിഷിദ്ധോ, ആവാസ വ്യൂഹം തുടങ്ങിയ ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. തമിഴ് ചിത്രമായ കൂഴങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. അഫ്ഗാൻ ചിത്രമായ ട്രൗണിങ് ഇൻ ഹോളി വാട്ടർ , സിദ്ദിഖ് ബർമാക് സംവിധാനം ചെയ്ത ഓപ്പിയം വാർ, കുർദിഷ് ചിത്രം കിലോമീറ്റർ സീറോ, മെറൂൺ ഇൻ ഇറാഖ് മ്യാൻമർ ചിത്രം മണി ഹാസ് ഫോർ ലെഗ്സ് തുടങ്ങിയ ചിത്രങ്ങളാണ് ഫിലിംസ് ഫ്രം കോൺഫ്‌ലിക്റ്റ് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മേള നടക്കുന്നതെന്നും പ്രതിനിധികൾക്ക് മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ടെന്നും ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി അജോയ് അറിയിച്ചു.

Related Tags :
Similar Posts