Entertainment
മോഹൻലാലുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണം: ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതി നോട്ടീസ്
Entertainment

'മോഹൻലാലുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണം': ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതി നോട്ടീസ്

Web Desk
|
6 April 2025 7:49 AM IST

'ലൂസിഫർ', 'മരക്കാർ' ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്നും നോട്ടീസിൽ പറയുന്നു

കൊച്ചി: 'എമ്പുരാൻ' സഹ നിർമാതാവ് ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പ് നോട്ടീസ്. 'ലൂസിഫർ', 'മരക്കാർ' എന്നീ ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്നാണ് നോട്ടീസിലുള്ളത്. മോഹൻലാലുമായുള്ള സാമ്പത്തിക ഇടപാടുകളിലും വ്യക്തത വരുത്തണമെന്ന് നോട്ടീസിൽ പറയുന്നു.

കഴിഞ്ഞദിവസം 'എമ്പുരാൻ' സിനിമയുടെ സഹനിർമാതാവായിരുന്ന ഗോകുലം ഗോപാലന്‍റെ ഓഫീസുകളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിൽ രാത്രി വൈകിയും ഗോപാലനെ ഇഡി ചോദ്യം ചെയ്തു. സിനിമയുമായി ബന്ധപ്പെട്ട ഇടപാടുകളും പരിശോധിച്ചു എന്നാണ് സൂചന. എന്നാല്‍ ഫെമ ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങളാണ് റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നിൽ എന്നാണ് ഇഡി നൽകുന്ന വിശദീകരണം. കോഴിക്കോട്ടെ മാളിലും ഹോട്ടലിലും ഇഡി പരിശോധന നടത്തിയിരുന്നു.

സമീപകാല വിവാദങ്ങളുമായി പരിശോധനക്ക് ബന്ധമില്ലെന്നും ഗോകുലം സ്ഥാപനങ്ങൾ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും കേരളത്തിലും തമിഴ്‌നാട്ടിലുമായി 1000 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് സംശയമെന്നും ഇഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

'എമ്പുരാൻ' സിനിമ പുറത്തിറങ്ങിയത് മുതൽ സംഘപരിവാര്‍ ചിത്രത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം അഴിച്ചുവിടുകയാണ്. ചിത്രത്തിൽ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. തമിഴിലെ വമ്പൻ പ്രൊഡക്ഷൻ ഹൗസായ ലൈക്ക പിന്‍മാറിയതിനെ തുടര്‍ന്നാണ് ഗോകുലം ഗോപാലന്‍ എമ്പുരാൻ ഏറ്റെടുത്തത്. വിവാദമായതോടെ, പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് 'എമ്പുരാനുമായി' സഹകരിച്ചതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞിരുന്നു. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വേണ്ട നടപടി സ്വീകരിക്കാൻ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനില്ലെന്നും ഗോപാലൻ വിശദീകരിച്ചിരുന്നു.



Similar Posts