< Back
Entertainment
ഈ അവഗണന ശീലമാണ്, ഇനിയും അവഗണിക്കപ്പെടും: ഇന്ദ്രന്‍സിന്‍റെ പഴയ അഭിമുഖം വൈറലാകുന്നു
Entertainment

ഈ അവഗണന ശീലമാണ്, ഇനിയും അവഗണിക്കപ്പെടും: ഇന്ദ്രന്‍സിന്‍റെ പഴയ അഭിമുഖം വൈറലാകുന്നു

Web Desk
|
30 May 2022 4:35 PM IST

പതിവു പോലെ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനവും വിവാദങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്

പതിവു പോലെ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനവും വിവാദങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഇന്ദ്രന്‍സ് നായകനായ ഹോം എന്ന ചിത്രത്തെ തഴഞ്ഞതാണ് പ്രധാന വിവാദം. മത്സര വിഭാഗത്തിൽ ഉണ്ടായിരുന്ന ചിത്രമാണ് 'ഹോം'. അവസാന റൗണ്ട് വരെ എത്തിയ ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസ്, മഞ്ജു പിള്ള എന്നിവർക്ക് അവാർഡ് ലഭിക്കുമെന്നു പ്രതീക്ഷിച്ചതുമാണ്. ഇന്ദ്രൻസിനെ മികച്ച നടനുള്ള അവാർഡിന് പരിഗണിക്കുന്നതായി വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാൽ അവാർഡ് പ്രഖ്യാപനം വന്നുകഴിഞ്ഞപ്പോൾ ഹോം ഒരിടത്തുമുണ്ടായില്ല. സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഇന്ദ്രന്‍സിന്‍റെ പഴയൊരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.ജീവിതത്തിലും സിനിമയിലും നേരിട്ട അവഗണനകളെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

ജീവിതത്തില്‍ പല ഇടത്ത് നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള ആളാണ് ഞാന്‍. സിനിമയില്‍ നിന്നും പലപ്പോഴും ഒഴിവാക്കലുകള്‍ നേരിട്ടു. ഇനിയും അങ്ങനെ സംഭവിയ്ക്കും എന്ന് എനിക്ക് അറിയാം. അതൊക്കെ അന്നത്തെ ഓരോ സാഹചര്യങ്ങളായിരുന്നു. അതൊന്നും ആലോചിച്ച് ദുഃഖിച്ചിരിക്കാന്‍ ഞാനില്ല.നാലാം ക്ലാസ് വരെയുള്ള എന്റെ വിദ്യാഭ്യാസ ജീവിതത്തില്‍ പല സഹപാഠികളും എന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. 'സാറേ ഈ സുരേന്ദ്രന്‍റെ അടുത്ത് ഞാനിരിക്കില്ല' എന്ന് പറയുമായിരുന്നു. എങ്ങിനെ പറയാതെയിരിയ്ക്കും ഒരേ ഡ്രസ്സ് ആഴ്ചയില്‍ അഞ്ച് ദിവസവും ഇട്ട് പോകുകയല്ലേ ചെയ്യുന്നത്. കഴുകി ഉണക്കാനുള്ള സാവകാശം ഒന്നും ഇല്ലായിരുന്നുവെന്നായിരുന്നു ഇന്ദ്രന്‍സിന്‍റെ വാക്കുകള്‍.

റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോമില്‍ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയായിരുന്നു ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ നടന്‍ കാഴ്ച വച്ചത്. ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ലെന്നായിരുന്നു തന്നെ തഴഞ്ഞതിലുള്ള ഇന്ദ്രന്‍സിന്‍റെ പ്രതികരണം. നിര്‍മാതാവ് വിജയ് ബാബു പീഡനക്കേസില്‍ പെട്ടതുകൊണ്ടാണ് ഹോമിനെ ഒഴിവാക്കിയതെന്നും ആരോപണമുയര്‍ന്നിരുന്നു.

Related Tags :
Similar Posts