Interviews
prajeev sathyvrthan
Interviews

പ്രജീവ് സത്യവ്രതൻ; സുകുമാരക്കുറുപ്പിനെ 'കസ്റ്റഡി'യിലെടുത്ത നിർമാതാവ്

Web Desk
|
11 Sept 2024 4:08 PM IST

ബിസിനസിൽ നിന്ന് സിനിമയിലെത്തിയതും സിനിമാ മോഹങ്ങളെ കുറിച്ചും പ്രജീവ് സത്യവ്രതൻ മീഡിയവണിനോട് സംസാരിക്കുന്നു

സ്പോർട്സ് ഡ്രാമയിൽ നിന്നായിരുന്നു തുടക്കം. സുകുമാരക്കുറുപ്പിനെ 'കസ്റ്റഡി'യിലെടുത്ത നിർമാതാവ്, പല കാലങ്ങളിൽ പല പരീക്ഷണങ്ങൾ നടത്താൻ മടിയില്ലാത്ത നിർമാതാവ്. വിദേശത്തും നാട്ടിലും നിരവധി ബിസിനസ് സ്ഥാപനങ്ങളുള്ള പ്രജീവ് സത്യവ്രതൻ എന്ന സിനിമാ നിർമാണ കമ്പനി തുടങ്ങിയത് നല്ല സിനിമകളെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. തന്റെ സ്വന്തം നാടായ ആറ്റിങ്ങലിലാണ് നിർമാണ കമ്പനി തുടങ്ങിയത്. ബിസിനസിൽ നിന്ന് സിനിമയിലെത്തിയതും സിനിമാ മോഹങ്ങളെ കുറിച്ചും പ്രജീവ് സത്യവ്രതൻ മീഡിയവണിനോട് സംസാരിക്കുന്നു.

നിർമാണ രംഗത്തേക്ക് കടന്നു വന്നത് ഏത് സിനിമയിലൂടെ ആയിരുന്നു?

ആദ്യ സിനിമ പി.ആർ അരുൺ സംവിധാനം ചെയ്ത ഫൈനൽസ് ആയിരുന്നു. രജീഷ വിജയൻ, സുരാജ് വെഞ്ഞാറമൂട്, മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് പ്രധാന അഭിനേതാക്കൾ. അത്യാവശ്യം വലിയൊരു താരനിര ഉണ്ടായിരുന്ന സിനിമയായിരുന്നു ഫൈനൽസ്.


ഏതായിരുന്നു അതിനുശേഷം നിർമിച്ച സിനിമ?


അടുത്തതായി നിർമിച്ചത് രണ്ട് എന്ന് പറയുന്ന ഒരു സിനിമയായിരുന്നു. സുജിത്ത് ലാൽ ആയിരുന്നു സംവിധാനം. വിഷ്ണു ഉണ്ണികൃഷ്ണൻ, അന്ന രാജൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ ചെയ്തത്.

ആദ്യ സിനിമയുടെ കോ പ്രൊഡ്യൂസർ മണിയൻപിള്ള രാജുവിനെ കുറിച്ച്?

ആദ്യ സിനിമയുടെ എക്സ്പീരിയൻസ് എന്ന് പറയുമ്പോൾ, ഫൈനൽസിന്റെ കോ-പ്രൊഡ്യൂസർ പഴയ മണിയൻ പിള്ള രാജുവിനെ കുറിച്ച് ഈ അവസരത്തിൽ ഞാൻ കൂടുതൽ പറയുന്നില്ല. നാലു പതിറ്റാണ്ടിലധികമായി മലയാള സിനിമയിൽ നടനായും നിർമാതാവും ഒക്കെയായി നിൽക്കുന്ന അദ്ദേഹത്തെക്കുറിച്ച് ഞാൻ എന്ത് പറയാനാണ്. ഫൈനൽസ് അത്യാവശ്യം നല്ല അനുഭവമായിരുന്നു എന്നുമാത്രം ഇപ്പോൾ പറയാം.

രണ്ട് സിനിമകളിൽ നിന്ന് കിട്ടിയ അനുഭവങ്ങൾ പങ്കുവെക്കാമോ?

രണ്ട് എന്ന സിനിമ സംവിധായകൻ പറഞ്ഞ ബഡ്ജറ്റിന്റെ ഇരട്ടിയിലധികം ചെലവാക്കേണ്ടി വന്ന ഒരു സിനിമയാണ്. അത് ഒരു പ്രൊഡ്യൂസറെ സംബന്ധിച്ചിടത്തോളംവളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിർമാണ രംഗത്തേക്ക് വരുന്ന ഒരു പ്രൊഡ്യൂസർക്ക് എത്രയും പെട്ടെന്ന് രംഗം വിട്ടുപോകാൻ തോന്നിക്കുന്ന രീതിയിലുള്ള അനുഭവങ്ങളാണ് ആ സിനിമയിൽ നിന്ന് എനിക്കുണ്ടായത്. സാമ്പത്തികമായുള്ള നഷ്ടങ്ങൾക്ക് പിറകെ മാനസിക പ്രയാസങ്ങൾ കൂടി ഉണ്ടാക്കിയ ഒരു സിനിമയാണ് രണ്ട്.

ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ലേക്ക് എത്താനുള്ള കാരണം എന്തായിരുന്നു?

ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിലേക്ക് എത്താനുള്ള കാരണം, വളരെ റിലാക്സായി കണ്ടിരിക്കാവുന്ന ഒരു സിനിമയാവും ഇതെന്ന പ്രതീക്ഷയിൽ തന്നെയാണ്. മറ്റു രണ്ട് സിനിമകളെ അപേക്ഷിച്ച് സംവിധായകൻ പറഞ്ഞ ദിവസങ്ങൾക്കുള്ളിലും പ്ലാൻ ചെയ്ത ബഡ്ജറ്റിനുള്ളിലും തീർന്ന സിനിമയാണിത്. ചെറിയ ബഡ്ജറ്റ് ആണെങ്കിലും നല്ല രീതിയിൽ ഒരു സിനിമ ചെയ്യാൻ പറ്റിയിട്ടുണ്ട് എന്നാണ് വിശ്വാസം. ബാക്കിയെല്ലാം പ്രേക്ഷകരുടെ കയ്യിലും ദൈവത്തിന്റെ കയ്യിലുമാണ്.

എന്തൊക്കെയാണ് തുടർന്നുള്ള പ്രോജക്ടുകൾ?

അടുത്തതായി ചില പ്രോജക്ടുകൾ ഒക്കെ ആലോചനയിലുണ്ട്. ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ സംവിധായകന് ഒരു വലിയ കാൻവാസിലുള്ള പ്രോജക്ട് കൊടുക്കണമെന്ന് ആഗ്രഹമുണ്ട്. എല്ലാം നല്ല രീതിയിൽ വരുമെന്നാണ് വിശ്വാസവും പ്രതീക്ഷയും.

Similar Posts