
'അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ ലേബൽ ചെയ്യപ്പെടുമെന്ന ഭയമില്ല'; ഷെയ്ൻ നിഗം
|ഫലസ്തീനിലെ കാഴ്ചകൾ കണ്ടപ്പോൾ തനിക്ക് സങ്കടം തോന്നിയത് കൊണ്ടാണ് അത് തുറന്ന് പറഞ്ഞതെന്നും ഷെയ്ൻ നിഗം മീഡിയവൺ അഭിമുഖത്തിൽ പറഞ്ഞു
കോഴിക്കോട്: അഭിപ്രായങ്ങൾ തുറന്നു പറയുന്നത് കൊണ്ട് ലേബൽ ചെയ്യപ്പെടുമെന്ന ഭയം തോന്നാറില്ലെന്ന് നടൻ ഷെയ്ൻ നിഗം. തനിക്ക് പ്രത്യേക രാഷട്രീയമില്ലെന്നും രാജ്യങ്ങൾ തമ്മിലുളള വ്യത്യാസങ്ങളോ മതങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളോ തനിക്ക് അറിയില്ലെന്നും ഷെയ്ൻ നിഗം പറഞ്ഞു. നമ്മൾ ഒരാളെ സ്നേഹിക്കുന്നത് അയാളുടെ നിറമോ , ജാതിയോ നോക്കിയിട്ടല്ല, അത് ഹൃദയത്തിൽ നിന്നും ഉണ്ടാകുന്ന ഊർജത്തിലൂടെയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഷെയ്ൻ പ്രതികരിച്ചു.
ഭൂമിയിൽ പലതരം മനുഷ്യരാണ് പലർക്കും പല കാഴ്ചപാടുകളാണ് അതിന്റെ പേരിൽ താൻ അടക്കം പലരും പലരീതിയിൽ അനുഭവിക്കുകയാണ്. ഫലസ്തീനിലെ കാഴ്ചകൾ കണ്ടപ്പോൾ തനിക്ക് സങ്കടം തോന്നിയത് കൊണ്ടാണ് അത് തുറന്നു പറഞ്ഞതെന്നും അതിൽ സങ്കടം തോന്നാത്തവർ ആരും തന്നെയില്ല, ബാക്കിയുള്ളവർ അത് തുറന്ന് പറയുന്നില്ല എന്ന് മാത്രമെന്നും ഷെയ്ൻ നിഗം മീഡിയവൺ അഭിമുഖത്തിൽ പറഞ്ഞു.
ഫലസ്തീനിലെ വാർത്തകൾ കാണാത്ത ആരുമില്ലെന്നും പക്ഷെ രാഷ്ട്രീയക്കാരല്ലാതെ പ്രതികരിക്കുന്നവർ ചുരുക്കമാണെന്നും നിർമാതാവ് സന്തോഷ് ടി കുരുവിള പറഞ്ഞു. എന്തിനാണ് ആവിശ്യമല്ലാത്ത പുലിവാല് പിടിക്കുന്നതെന്നാണ് അവർ ചിന്തിക്കുന്നത്. ഉള്ളിൽ പേടിയുള്ളത് കൊണ്ടായിരിക്കാം ഇതെന്നും അദ്ദേഹം പറഞ്ഞു. നടൻ ടോവിനോ എടുക്കുന്ന പല നിലപാടുകളെയും അംഗീകരിക്കുന്ന ഒരാളാണ് താൻ. നമ്മൾ ക്രിസ്ത്യാനികളെല്ലാം ഒന്നിച്ചു നിൽക്കണം എന്ന് പറഞ്ഞ ഒരു പ്രൊഡ്യൂസറുടെ സിനിമയിൽ ജീവിതത്തിൽ അഭിനയിക്കില്ല എന്ന് ടോവിനോ പറഞ്ഞതായും സന്തോഷ് ടി കുരുവിള. ആവിശ്യമില്ലാത്ത വിഷം കുത്തിവെക്കാൻ ചുറ്റിലും ആളുകളുണ്ടെന്നും സന്തോഷ് ടി കുരുവിള കൂട്ടിച്ചേർത്തു.