< Back
Entertainment
allu arjun
Entertainment

പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടം: കുട്ടിയെ കാണാൻ അല്ലു അർജുൻ എത്തിയില്ലെന്ന് ആക്ഷേപം

Web Desk
|
16 Dec 2024 10:06 AM IST

നിലവിൽ കേസ് നിലനിൽക്കുന്നതിനാലാണ് കുട്ടിയെ സന്ദർശിക്കാത്തതെന്നാണ് അല്ലു അർജുൻ വ്യക്തമാക്കുന്നത്

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടി ഗുരുതരാവസ്ഥയിൽ. അതിനിടെ കുട്ടിയെ കാണാൻ അല്ലു അർജുൻ എത്തിയില്ലെന്ന് ആക്ഷേപമുണ്ട്.

എന്നാൽ നിലവിൽ കേസ് നിലനിൽക്കുന്നതിനാലാണ് കുട്ടിയെ സന്ദർശിക്കാത്തതെന്നാണ് അല്ലു അർജുൻ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

''ആ നിർഭാഗ്യകരമായ സംഭവത്തിന് ശേഷം ചികിത്സയിൽ കഴിയുന്ന കുട്ടിയെക്കുറിച്ച് എനിക്ക് അതീവ ഉത്കണ്ഠയുണ്ട്. എന്നാൽ നിയമനടപടികൾ നടക്കുന്നതിനാൽ, ആ കുഞ്ഞിനേയും കുടുംബത്തെയും ഈ സമയത്ത് സന്ദർശിക്കരുതെന്ന് എനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടിയെ സന്ദർശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിൽ വ്യാഖ്യാനം ചെയ്യപ്പെടും. കുട്ടിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. ആ കുഞ്ഞിനേയും കുടുംബത്തെയും എത്രയും വേഗം കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നു''- എന്ന് നടൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

അല്ലു അർജുൻ ജയിൽ മോചിതനായതിന് പിന്നാലെ പിന്നാലെ നിരവധി സിനിമാ താരങ്ങൾ നടനെ കാണാനെത്തുകയും അതിന്റെ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നാലെ അല്ലു അർജുനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയരുകയും ചെയ്തു.

തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിയുടെ മകൻ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ തുടരുന്ന ഈ സമയത്ത് ഇത്തരം ആഘോഷങ്ങൾ വേണമായിരുന്നോ എന്നാണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.

ഡിസംബർ നാലിന്, ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39)യാണ് തിയേറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയർ ഷോ കാണാൻ എത്തിയത്.

Similar Posts