< Back
Entertainment
മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ടിന്‍റെ അതിഗംഭീര തിരിച്ചുവരവ്; പ്രൊഫസർ അമ്പിളിയായി ജഗതി ശ്രീകുമാർ!!
Entertainment

മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ടിന്‍റെ അതിഗംഭീര തിരിച്ചുവരവ്; 'പ്രൊഫസർ അമ്പിളി'യായി ജഗതി ശ്രീകുമാർ!!

Web Desk
|
5 Jan 2025 1:06 PM IST

തരംഗമായി 'വല' ക്യാരക്ടർ പോസ്റ്റർ

കൊച്ചി: അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിന്‍റെ സ്വന്തം ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ എന്ന അമ്പിളിചേട്ടൻ മടങ്ങിയെത്തുന്നു. ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷത്തിലാണ് ജഗതി ശ്രീകുമാർ വെള്ളിത്തിരയിൽ മടങ്ങിയെത്തുന്നത്. 2012-ൽ ഉണ്ടായ അപകടത്തെ തുടർന്ന് സിനിമകളിൽ സജീവമല്ലാത്ത അദ്ദേഹം 'വല' എന്ന സിനിമയിലെ 'പ്രൊഫസർ അമ്പിളി' എന്ന മുഴുനീള വേഷത്തിലൂടെ സിനിമാലോകത്തേക്ക് 2025-ൽ അതിഗംഭീര തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്.

അദ്ദേഹത്തിന്‍റെ 73-ാം പിറന്നാള്‍ ദിനത്തിലാണ് 'വല' അണിയറപ്രവർത്തകര്‍ സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് അദ്ദേഹം ചിത്രത്തിൽ എത്തുന്നതെന്ന് പോസ്റ്റർ കാണിക്കുന്നു. പ്രൊഫസർ അമ്പിളി അഥവാ അങ്കിള്‍ ലൂണാർ എന്നാണ് ചിത്രത്തിൽ അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ലോകത്തെ തന്‍റെ കൈവെള്ളയിൽ നിയന്ത്രിക്കുന്ന ഒരു മാസ്റ്റർ മൈൻഡ് ശാസ്ത്രജ്ഞന്‍റെ റോളാണ് അദ്ദേഹത്തിന് എന്ന് തോന്നിപ്പിക്കും വിധമാണ് പോസ്റ്റർ. നിമിഷ നേരം കൊണ്ടാണ് പോസ്റ്റർ വൈറലായിരിക്കുന്നത്.

'ഗഗനചാരി' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ പുത്തന്‍ ജോണര്‍ തുറന്നുകൊടുത്ത യുവ സംവിധായകന്‍ അരുണ്‍ ചന്തുവിന്‍റെ അടുത്ത ചിത്രമാണ് 'വല'. സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ 'ഗഗനചാരി'ക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് 'വല' എന്ന പുതിയ ചിത്രമെത്തുന്നത്. 'വല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏവരും ഏറ്റെടുത്തിരുന്നു. സിനിമയുടെ അനൗൺസ്മെന്‍റ് വീഡിയോയും രസകരമായിരുന്നു.

ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം ഗഗനചാരിയിലെ അനാര്‍ക്കലി മരിക്കാര്‍, കെ. ബി. ഗണേശ്കുമാര്‍, ജോണ്‍ കൈപ്പള്ളില്‍, അർജുൻ നന്ദകുമാർ എന്നിവരും വലയില്‍ ഭാഗമാണ്. മാധവ് സുരേഷും ഭഗത് മാനുവലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ മക്കളായ ഗോകുല്‍ സുരേഷും മാധവ് സുരേഷും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും 'വല'യ്ക്ക് ഉണ്ട്.

'ഗഗനചാരി'യുടെ തുടര്‍ച്ചയാണോ, വ്യത്യസ്തമായ ചിത്രമാണോ, അതോ പുതിയ യൂണിവേഴ്‌സിന് തുടക്കമാണോ എന്നെല്ലാം ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അണ്ടർഡോഗ്സ് എന്‍റർടെയ്ൻമെന്‍റ്സ് നിര്‍മിക്കുന്ന ചിത്രത്തിൻ്റെ സഹനിർമ്മാണം ലെറ്റേഴ്‌സ് എന്‍റർടെയ്ൻമെന്‍റ്സാണ്. ടെയ്‌ലര്‍ ഡര്‍ഡനും അരുണ്‍ ചിന്തുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം സുര്‍ജിത് എസ് പൈ, സംഗീതം ശങ്കര്‍ ശര്‍മ്മ, എഡിറ്റിംഗ് സിജെ അച്ചു, മേക്കപ്പ് ആര്‍ജി വയനാടന്‍, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോണ്‍, വിഎഫ്എക്സ് മേരാക്കി, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എഎസ് സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. ഫൈനല്‍ മിക്സ് വിഷ്ണു സുജാതന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ വിനീഷ് നകുലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, പിആർഒ ആതിര ദിൽജിത്ത്.

Similar Posts