< Back
Entertainment
സൂര്യയുടെ ജയ് ഭീം ഓസ്കറിന്‍റെ യു ട്യൂബ് ചാനലില്‍; അഭിമാന നിമിഷമെന്ന് ആരാധകര്‍
Entertainment

സൂര്യയുടെ 'ജയ് ഭീം' ഓസ്കറിന്‍റെ യു ട്യൂബ് ചാനലില്‍; അഭിമാന നിമിഷമെന്ന് ആരാധകര്‍

Web Desk
|
18 Jan 2022 1:09 PM IST

ജയ്ഭീമിലെ ഒരു രംഗമാണ് ചാനലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്

തമിഴ് നടന്‍ സൂര്യ നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ജയ് ഭീം ഒടിടിയിലൂടെ വന്നപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. തമിഴ്നാട്ടിലെ ജാതിവിവേചനം പ്രമേയമായ ചിത്രം സൂര്യയുടെ പ്രകടനം, ജ്ഞാനവേലിന്‍റെ സംവിധാനം എന്നിവയിലൂടെ മികച്ചുനിന്നു. ചിത്രം ഈയിടെ 2022-ലെ ഗോള്‍ഡന്‍ ഗ്ലോബില്‍ എന്‍ട്രി നേടിയിരുന്നു. ഇപ്പോഴിതാ ജയ് ഭീമിനെ തേടി മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. ലോകസിനിമയിലെ പരമോന്നത പുരസ്കാരമായ ഓസ്കറിന്‍റെ(അക്കാദമി അവാര്‍ഡ്) ഔദ്യോഗിക യു ട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.

ജയ്ഭീമിലെ ഒരു രംഗമാണ് ചാനലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഓസ്‌കറിൽ നിന്ന് അഭിമാനകരമായ ബഹുമതി നേടുന്ന ആദ്യത്തെ തമിഴ് ചിത്രം കൂടിയാണ് ജയ് ഭീം. ഈ അഭിമാനനിമിഷത്തെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ''നമുക്കും ഇന്ത്യൻ സിനിമയ്ക്കും അഭിമാനം പകർന്ന സൂര്യ... തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഗംഭീര സിനിമ!'' ഒരു ആരാധകന്‍ കുറിച്ചു.

2021 നവംബര്‍ 2ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. തമിഴ്നാട്ടിലെ ഇരുളർ ജാതിയിൽ പെട്ട രാജകണ്ണിന്‍റെ തിരോധാനവുമായി (1993) ബന്ധപ്പെട്ട് നടന്ന നിയമപോരാട്ടമാണ് ജയ് ഭീമിന്‍റെ പ്രമേയം. മലയാളിയായ ലിജോ മോള്‍ ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചത്.




Similar Posts