
'വിജയമുള്ളപ്പോൾ എല്ലാവരും നല്ലത് പറയും, എന്നാൽ ഒരു പരാജയം വരുമ്പോൾ നമ്മൾ ചെയ്തതെല്ലാം തെറ്റായി വരും': ജയറാം
|കഴിഞ്ഞ 38 വർഷമായി ഒരു ഊഞ്ഞാൽ പോലെയാണ് എന്റെ കരിയർ മുന്നോട്ട് പോകുന്നത്
ചെന്നൈ: ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടനായിരുന്നു ജയറാം. സത്യൻ അന്തിക്കാട്, രാജസേനൻ ചിത്രങ്ങളിലൂടെ ജയറാം ഹിറ്റുകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. കുറച്ചു കാലങ്ങൾ കഴിഞ്ഞപ്പോൾ ജയറാമിനെ പിന്നെ കണ്ടത് തമിഴിലും തെലുഗിലുമായിരുന്നു. ഇടക്കാലത്ത് മലയാളത്തിൽ അഭിനയിച്ച എബ്രഹാം ഓസ്‍ലറും സമ്മിശ്രപ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ തന്‍റെ സിനിമാജീവിതത്തിലെ പരാജയത്തിന്‍റെ നാളുകളെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ഗോപിനാഥിന്റെ തമിഴ് പോഡ്കാസ്റ്റ് ഷോയിലായിരുന്നു ജയറാമിന്‍റെ തുറന്നുപറച്ചിൽ.
പദ്മരാജൻ എന്ന ഇതിഹാസ സംവിധായകൻ തന്റെ മിമിക്രി കാസറ്റ് കണ്ടാണ് ‘അപരൻ’ എന്ന ചിത്രത്തിലൂടെ നായകനായി അവതരിപ്പിച്ചത്. പിന്നീട് 20 വർഷത്തോളം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം ഓർക്കുന്നു. തുടക്കകാലത്ത് സത്യൻ അന്തിക്കാടിന്റെ 15 സിനിമകളിൽ വരെ നായകനായി തിളങ്ങിയ ചരിത്രവും, മിക്ക മുതിർന്ന സംവിധായകർക്കൊപ്പം പത്തും പന്ത്രണ്ടും സിനിമകൾ ചെയ്ത ഒരു സുവർണ്ണകാലവും ഉണ്ടായിരുന്നു. എന്നാൽ ആ വിജയയാത്ര അപ്രതീക്ഷിതമായി ഒരു വലിയ തിരിച്ചടിയിൽ ചെന്ന് അവസാനിസിച്ചെന്നും, ഏറ്റവും ഉയരത്തിൽ നിൽക്കുന്ന സമയത്തുണ്ടായ ആ വീഴ്ചയിൽ നിന്ന് വീണ്ടും മുകളിലേക്ക് കയറാൻ താൻ നടത്തിയ പോരാട്ടം കഠിനമായിരുന്നുവെന്ന് ജയറാം പറയുന്നു.
കഴിഞ്ഞ 38 വർഷമായി ഒരു ഊഞ്ഞാൽ പോലെയാണ് എന്റെ കരിയർ മുന്നോട്ട് പോകുന്നത്. രണ്ട് മൂന്ന് സിനിമകൾ വലിയ വിജയമാകുമ്പോൾ തൊട്ടുപിന്നാലെ അത്ര തന്നെ പരാജയങ്ങളും ഉണ്ടാകും. പിന്നീട് ആ തകർച്ചയിൽ നിന്ന് കഷ്ടപ്പെട്ട് വീണ്ടും വിജയത്തിന്റെ പാതയിലേക്ക് തിരിച്ചെത്തും. വിജയത്തിന്റെ ലഹരിയിൽ ലോകം നമ്മളെ പുകഴ്ത്തിക്കൊണ്ടിരിക്കും. എന്നാൽ പരാജയപ്പെടുമ്പോൾ കഥ മാറുകയാണ്. “വിജയമുള്ളപ്പോൾ എല്ലാവരും നല്ലത് പറയും, എന്നാൽ ഒരു പരാജയം വരുമ്പോൾ നമ്മൾ അതുവരെ ചെയ്ത കാര്യങ്ങളെല്ലാം തെറ്റാണെന്ന് ലോകം വിധിയെഴുതും” ജയറാം പറയുന്നു. പരാജയപ്പെട്ട ആ കാലഘട്ടത്തിൽ പലരും തന്നെ കൈവിട്ടു. ആ അവഗണനയുടെ സമയമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ പഠനകാലമെന്നും, മുൻനിരയിലെത്തിയ പലരും ഇത്തരത്തിൽ കഠിനമായ പോരാട്ടങ്ങളിലൂടെയാണ് ഉയരങ്ങളിലെത്തിയതെന്നും താരം പറഞ്ഞു.