< Back
Entertainment
തടിയുള്ള പെണ്ണുങ്ങളെയും ആണുങ്ങളെയും എന്തുകൊണ്ടാണ് ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കാത്തത്; ബോഡി ഷേമിംഗിനെക്കുറിച്ച് നടി ജ്യൂവല്‍ മേരി
Entertainment

തടിയുള്ള പെണ്ണുങ്ങളെയും ആണുങ്ങളെയും എന്തുകൊണ്ടാണ് ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കാത്തത്; ബോഡി ഷേമിംഗിനെക്കുറിച്ച് നടി ജ്യൂവല്‍ മേരി

Web Desk
|
30 May 2022 9:30 PM IST

കണ്ണാടിക്കു മുന്നിൽ നിന്ന് നിങ്ങളുടെ ഉടലിനെ പച്ചയായിട്ട് ഒന്ന് കാണൂ

സൗന്ദര്യത്തിനെ ശരീരവണ്ണത്തിന്‍റെ പേരില്‍ വിലയിരുത്തുന്നതിനെതിരെ നടിയും അവതാരകയുമായ ജ്യൂവല്‍ മേരി. തടിയുള്ള പെണ്ണുങ്ങളെയും ആണുങ്ങളെയും എന്തുകൊണ്ടാണ് ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കാത്തതെന്ന് ജ്യൂവല്‍ ചോദിക്കുന്നു. ആരോ അളന്നു വച്ച ഒരു വാർപ്പിനുള്ളിലേക്ക് കേറി നില്‍ക്കാന്‍ സാധിക്കുന്ന ആ ഒരു ദിവസമേ ഞാൻ സുന്ദരിയാവുന്നു വിചാരിച്ചാൽ ആയുസിൽ അനുഗ്രഹം പോലെ കിട്ടുന്ന എത്രയോ ദിവസങ്ങൾ നമ്മൾ നമ്മളെ വെറുത്തു കഴിയേണ്ടി വരുമെന്നും നടിയുടെ കുറിപ്പില്‍ പറയുന്നു.

ജ്യൂവല്‍ മേരിയുടെ കുറിപ്പ്

തടിയുള്ള പെണ്ണുങ്ങളെ ആണുങ്ങളെ എന്താ ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കാത്തത് ! തടി കുറച്ചു മെലിഞ്ഞു സുന്ദരിയായി ! ഇത് ഇന്നൊരു വാർത്തയാണ് ! മനുഷ്യരെത്ര തരമാണ് , എത്ര നിറത്തിൽ എത്ര വിധത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ കോടിക്കണക്കിനു മനുഷ്യർ എന്നിട്ടു സൗന്ദര്യം അളക്കാൻ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ഉമ്മാക്കി സ്കെയിൽ തൊലിക്ക് കീഴെ മാംസവും മേദസുമുള്ള എന്നെ പോലുള്ള തടിച്ചികളെയും തടിയന്മാരെയും കെട്ടിപിടിക്കണം അത്രയും ഊഷ്മളമായി നിറവോടെ ഉള്ള ആലിംഗനങ്ങൾ

ആരോ അളന്നു വച്ച ഒരു വാർപ്പിനുള്ളിലേക്ക് കേറി നില്‍ക്കാന്‍ സാധിക്കുന്ന ആ ഒരു ദിവസമേ ഞാൻ സുന്ദരിയാവുന്നു വിചാരിച്ചാൽ ആയുസിൽ അനുഗ്രഹം പോലെ കിട്ടുന്ന എത്രയോ ദിവസങ്ങൾ നമ്മൾ നമ്മളെ വെറുത്തു കഴിയേണ്ടി വരും ? കണ്ണാടിക്കു മുന്നിൽ നിന്ന് നിങ്ങളുടെ ഉടലിനെ പച്ചയായിട്ട് ഒന്ന് കാണൂ ! എന്തൊരു അത്ഭുതമാണ്. എത്ര സാധ്യതകളാണ് ഇരിക്കുന്ന നടക്കുന്ന സ്വപനം കാണുന്ന , ഓരോ പിടിയും രുചിച്ചു കഴിക്കുന്ന ജീവിതത്തെ പ്രണയിക്കുന്ന അത്ഭുത ഉടലുകൾ !

അഴകിനെ അളക്കുന്ന സ്കെയിൽ എത്ര ചെറുതാണല്ലേ ? ഓടിച്ചു ദൂരെക്കള !! നമുക്ക് നമ്മളെ തന്നെ സ്നേഹിക്കാം , ഊഷ്മളമായി പരസ്പരം സ്നേഹം പങ്കു വയ്ക്കാം , എന്‍റെ കണ്ണിൽ എല്ലാരും സുന്ദരന്മാരും സുന്ദരികളും ആണ് , കൊടിയ ചിരികളും തടിച്ച ഉടലുകളും മെല്ലിച്ച മനുഷ്യരും പേശി ബലമുള്ളവരും , കൊന്ത്രപല്ലുള്ളവരും , അനേകായിരം നിറങ്ങളിൽ ഉള്ള ഓരോ മനുഷ്യ ജീവിയും പരസ്പരം പങ്കു വച്ചും അനുമോദിച്ചും സ്നേഹിച്ചും കഴിയുന്ന ഒരു ഭൂമിയാണ് ഞാൻ കണ്ട കിനാശ്ശേരി ! എന്ന് സുന്ദരിയായ ഒരു തടിച്ചി..

Similar Posts