< Back
Entertainment
തുടരും ഒടിടി അവകാശം  സ്വന്തമാക്കി  ജിയോ ഹോട്ട്‌സ്റ്റാർ
Entertainment

'തുടരും' ഒടിടി അവകാശം സ്വന്തമാക്കി ജിയോ ഹോട്ട്‌സ്റ്റാർ

Web Desk
|
2 May 2025 11:05 AM IST

മോഹൻലാലും ശോഭനയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'തുടരും' തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്

മോഹൻലാലും ശോഭനയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'തുടരും' തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് ജിയോ ഹോട്ട്‌സ്റ്റാർ സ്വന്തമാക്കി. ചിത്രം ആഗോള കലക്ഷനിൽ 100 കോടി പിന്നിട്ടെന്ന വിവരം കഴിഞ്ഞദിവസം നിർമാതാക്കൾ പങ്കുവെച്ചിരുന്നു.

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം 'എമ്പുരാനും' ഹോട്ട്‌സ്റ്റാറായിരുന്നു സ്ട്രീമിങ് ചെയ്തിരുന്നത്. ലൂസിഫറിന്റെ രണ്ടാംഭാഗമായ 'എമ്പുരാൻ' വൻ തുകക്കാണ് ജിയോ ഹോട്ട്‌സ്റ്റാർ ഒടിടി റൈറ്റ്‌സ് നേടിയത്. 'തുടരും' വിറ്റുപോയത് വന്‍ തുകക്കാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

സിനിമ തിയേറ്ററകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ ഒടിടിയിൽ ഉയർന്ന വിലക്ക് വിൽക്കുന്ന രീതിയാണ് സമീപകാലത്ത് കാണുന്നത്. പല നിർമാതാക്കളും ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം വിൽക്കാൻ തിയേറ്റർ റിലീസ് വരെ കാത്തിരുന്നു. സിനിമ തിയേറ്ററിൽ വിജയം കണ്ടില്ലെങ്കിൽ ഒടിടിയിൽ വിറ്റുപോകാറില്ലെന്നതും സമീപ കാലത്ത് മലയാള സിനിമ നേരിട്ട പ്രതിസന്ധിയായിരുന്നു.

ഏപ്രിൽ 25 നാണ് 'തുടരും' തിയേറ്ററുകളിൽ എത്തിയത്. മോഹൻലാലിലും ശോഭനക്കും പുറമെ ബിനു പപ്പു, പ്രകാശ് വർമ്മ, മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, സംഗീത് കെ പ്രതാപ് , ഇർഷാദ് അലി, ആർഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി, ജി സുരേഷ്‌കുമാർ, ജെയ്‌സ് മോൻ, ഷോബിതിലകൻ, ഷൈജോ അടിമാലി, കൃഷ്ണപ്രഭ, റാണി ശരൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഷൺമുഖം എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. കെ ആർ സുനിലും തരുൺ മൂർത്തിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.

Similar Posts